കായികം

ഒടുവില്‍ ഗോവയും വീണു, അതും സ്വന്തം തട്ടകത്തില്‍; മൂന്നാം വിജയം പിടിച്ച് ജംഷഡ്പുര്‍ രണ്ടാമത്

സമകാലിക മലയാളം ഡെസ്ക്

പനാജി: ഐഎസ്എല്‍ ആറാം സീസണില്‍ ആദ്യ തോല്‍വി അറിഞ്ഞ് എഫ്‌സി ഗോവ. സ്വന്തം മൈതാനത്ത് അവര്‍ ജംഷഡ്പുര്‍ എഫ്‌സിയോടാണ് പരാജയം സമ്മതിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പുര്‍ ഗോവയെ കീഴടക്കിയത്. പത്ത് മത്സരങ്ങള്‍ക്കു ശേഷമാണ് ഹോം ഗ്രൗണ്ടില്‍ ഗോവ ഒരു മത്സരം തോല്‍ക്കുന്നത്.

17ാം മിനുട്ടില്‍ സെര്‍ജിയോ കാസ്‌റ്റെലാണ് ജംഷഡ്പുരിന്റെ വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്ത് ഗോവ ആക്രമണത്തിന് ഇറങ്ങി. എന്നാല്‍ ഈ ആക്രമണങ്ങളെ കൃത്യമായി ജംഷഡ്പുര്‍ പ്രതിരോധം ചെറുത്തതോടെ ഗോവയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി. ഇതോടൊപ്പം ഗോള്‍കീപ്പര്‍ സുബ്രതോ പാലിന്റെ പ്രകടനം കൂടിയായതോടെ ഗോവ പ്രതിരോധത്തിലായി.

ഇതിനിടെയാണ് ജംഷഡ്പുരിന്റെ ഗോള്‍ വന്നത്. ഫാറൂഖ് ചൗധരിയുടെ പാസ് സ്വീകരിച്ച കാസ്‌റ്റെല്‍ ബോക്‌സിനുള്ളില്‍ വെച്ച് ഗോവന്‍ പ്രതിരോധ താരത്തെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണാല്‍ അതിശക്തമായി തിരിച്ചുവരുന്ന ഗോവന്‍ ആക്രമണങ്ങളെയും ജംഷഡ്പുര്‍ കൃത്യതയോടെ നേരിട്ടു. ഇതിനിടെ സുബ്രതോ പാലിന്റെ പിഴവില്‍ പന്ത് ഗോള്‍ലൈന്‍ കടന്നെങ്കിലും റഫറി ഗോള്‍ അനുവദിക്കാതിരുന്നതും ഗോവയ്ക്ക് തിരിച്ചടിയായി.

72ാം മിനുട്ടില്‍ ഗോവന്‍ താരം അഹമ്മദ് ജാഹു രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ അവര്‍ 10 പേരായി ചുരുങ്ങി. ഇതോടെ ഗോളടി വീരന്‍മാരായ ഗോവയെ അവരുടെ മൈതാനത്ത് ഒരു ഗോള്‍ പോലും അടിപ്പിക്കാതെ പൂട്ടാനും ജംഷഡ്പുരിനായി.

സീസണില്‍ ജംഷഡ്പുരിന്റെ മൂന്നാം ജയമാണിത്. 10 പോയിന്റുമായി അവര്‍ പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്നു. എട്ട് പോയിന്റുള്ള ഗോവ നാലാം സ്ഥാനത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''