കായികം

ഗോദയില്‍ കരുത്തുകാട്ടി 20കാരന്‍; ദീപക് പുനിയ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

നൂര്‍ സുല്‍ത്താന്‍: ഇന്ത്യന്‍ താരം ദീപക് പുനിയ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. 86 കിലോ വിഭാഗത്തിലാണ് ദീപകിന്റെ ചരിത്ര നേട്ടം. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന പെരുമയും താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. 

സെമി ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റീഫന്‍ റെയ്ച്ച്മുതിനെ തോല്‍പ്പിച്ചാണ് ദീപക് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 8- 2നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ഫൈനലില്‍ ഇറാന്‍ താരം ഹസ്സന്‍ യസ്ദാനിയാണ് ദീപകിന്റെ എതിരാളി.

ഫൈനലിലെത്തിയതോടെ ഇന്ത്യന്‍ താരം ഒരു മെഡലുറപ്പിച്ചു. നേരത്തെ സെമി ഫൈനലില്‍ എത്തിയപ്പോള്‍ തന്നെ ദീപക് ഒളിമ്പിക് യോഗ്യത നേടിയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ 86 കിലോ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

ദീപകിന്റെ ആദ്യ ലോ കചാമ്പ്യന്‍ഷിപ്പാണ് ഇത്. 2016ല്‍ വേള്‍ഡ് കേഡറ്റ് ടൈറ്റില്‍ നേടിയ ദീപക് ജൂനിയല്‍ ലോക ചാമ്പ്യനുമാണ്. കഴിഞ്ഞ മാസം എസ്‌റ്റോണിയയില്‍ നടന്ന ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പിലാണ് 20കാരനായ ദീപക് സ്വര്‍ണം നേടിയത്.

ഇന്ത്യയുടെ മറ്റൊരു താരം രാഹുല്‍ അവാറെ വെങ്കലത്തിനായി മത്സരിക്കും. സെമി ഫൈനലില്‍ തോറ്റതോടെയാണിത്. 61 കിലോ വിഭാഗത്തില്‍ ജോര്‍ജിയയുടെ ബെക്കൊ ലോംറ്റാസെയാണ് രാഹുലിനെ തോല്‍പ്പിച്ചത്.

ദീപക് ഫൈനലിലെത്തിയതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാല് മെഡലുകള്‍ ഉറപ്പിച്ചു. അങ്ങനെയെങ്കില്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാകും ഇത്. നേരത്തെ വിനേഷ് ഫൊഗാട്ട്, ബജ്‌റംഗ് പുനിയ, രവി കുമാര്‍ എന്നിവര്‍ വെങ്കലം നേടിയിരുന്നു. ഇതിന് മുന്‍പ് 2013ലാണ് ഇന്ത്യ മികച്ച പ്രകടനം നടത്തിയത്. അന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്