റാഞ്ചി: മഹേന്ദ്ര സിങ് ധോനിക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ആളാണ് അദ്ദേഹത്തിന്റെ മകൾ സിവ. സിവ മലയാളം പാട്ടുകൾ പാടുന്നതടക്കമുള്ള വീഡിയോകളും മറ്റും വൈറലായി മാറിയിരുന്നു. ഇപ്പോൾ സിവയെ തേടിയെത്തിയ ഒരു സുഹൃത്തിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ഇതൊരു സാധാരണ സുഹൃത്ത് അല്ല. ഒരു സുന്ദരൻ ഓന്തിനെയാണ് കുഞ്ഞു സിവയ്ക്ക് കൂട്ടായി കിട്ടിയിരിക്കുന്നത്. താനും ഓന്തും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ ഓന്തുമൊത്തുള്ള കൂടിക്കാഴ്ച എന്ന കുറിപ്പോടേ സിവ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിവയുടെ അമ്മ സാക്ഷിയും ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഈ ഓന്ത് വിട്ടുമുറ്റത്തെത്തിയത് വേൾഡ് ലിസാഡ് ഡേയിൽ തന്നെയാണെന്നത് യാദൃശ്ചികമെന്ന് സാക്ഷി പറയുന്നു.
സൈക്കിളിന്റെ ഹാൻഡിലിൽ പിടിച്ചിരിക്കുന്ന ഓന്തിനൊപ്പം സിവയേയും വീഡിയോയിൽ കാണാം. ചെടിയിലേയ്ക്ക് വിടാൻ കൊണ്ടുപോകുന്ന ഓന്തിനൊപ്പം നടന്നു നീങ്ങുകയാണ് സിവ. ഓന്തിനെ അതിന്റെ വീട്ടിൽ വിട്ടേക്കാം എന്ന് അമ്മ ചോദിക്കുമ്പോൾ എല്ലാ ദിവസവും ഇതിനെ എങ്ങനെ കാണാൻ പറ്റുമെന്നാണ് സിവയുടെ ചോദ്യം. പതിവുപോലെ ഈ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ