കായികം

64 പന്തിൽ 80 റൺസടിച്ച് സ്മൃതി മന്ധാനയുടെ ഉജ്ജ്വല ബാറ്റിങ്; രണ്ടാം പോരിൽ അനായാസ വിജയം പിടിച്ച് ഇന്ത്യൻ വനിതകൾ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെ രണ്ടാം ഏകദിന പോരാട്ടത്തിൽ വിജയം പിടിച്ച് ഇന്ത്യൻ വനിതകൾ. ഒൻപത് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 41ഓവറിൽ 157 റൺസിന് പുറത്തായി. വിജയം തേടിയിറങ്ങിയ ഇന്ത്യ 28.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 160 റൺസെടുത്ത് ലക്ഷ്യം കണ്ടു. 

സ്മൃതി മന്ധാന (80), പുനം റാവത്ത് (62) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇരു ടീമുകളും 1-1ന്  ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ​ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയം. 

ജമീമ റോഡ്രിഗസിന്റെ (ഒൻപത്) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഷബ്‌നിം ഇസ്മായിലിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നീട് മന്ധാന- റാവത്ത് കൂട്ടുക്കെട്ട് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 138 റൺസാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. വേഗത്തിലാണ് മന്ധന റൺസ് കണ്ടെത്തിയത്. 64 പന്ത് മാത്രം നേരിട്ട മന്ധാന മൂന്ന് സിക്‌സും പത്ത് ഫോറും പായിച്ചു. 89 പന്തിൽ എട്ട് ഫോറുകളുടെ സഹായത്തോടെയാണ് പുനം 62 റൺസെടുത്തത്.

നേരത്തെ ജുലൻ ഗോസ്വാമിയുടെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. 49 റൺസ് നേടി ലാറ ഗൂഡാൽ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. സ്‌കോർ ബോർഡിൽ 20 റൺ മാത്രമുള്ളപ്പോൾ അവരുടെ ഓപ്പണർമാരായ ലിസെല്ലേ ലീ (4), ലൗറ വോൾവാട്ട് (9) എന്നിവർ പവലിയനിൽ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേർന്ന ലാറ- സുനെ ലുസ് (36) സഖ്യമാണ് സന്ദർശകരെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇവർ 60 റൺസ് കൂട്ടിച്ചേർത്തു. 

ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക തകർന്നു. പിന്നീടെത്തിയ ആർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഗോസ്വാമിക്ക് പിന്നാലെ രാജേശ്വരി ഗെയ്കവാദ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൻസി ജോഷിക്ക് ഒരു വിക്കറ്റുണ്ട്. ശേഷിക്കുന്ന ഒരു വിക്കറ്റ് ഹർമൻപ്രീത് കൗർ സ്വന്തമാക്കി. ജുലൻ ​ഗോസ്വാമിയാണ് കളിയിലെ താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന