കായികം

അന്ന് പെനാൽറ്റി നഷ്ടപ്പെടുത്തി വില്ലൻ; ഇന്ന് പരിശീലകനായി കന്നിക്കിരീടം; സെന​ഗലിൽ നിന്ന് ഒരു ‘ചക് ദെ ഇന്ത്യ’

സമകാലിക മലയാളം ഡെസ്ക്

ഷാരൂഖ് ഖാൻ നായകനായി എത്തിയ ‘ചക് ദെ ഇന്ത്യ’ ഓർമയില്ലേ. ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തി കിരീടം കൈവിട്ട് തല കുനിച്ച് മടങ്ങിയ ഹോക്കി താരത്തിൽ നിന്ന് പരിശീലകനായി തിരിച്ചെത്തി കിരീടം നേടി നെഞ്ചുവിരിച്ച് കണക്ക് തീർത്ത കബീർ ഖാന് ഇതാ സെന​ഗലിൽ ഒരു പിൻ​ഗാമി. യഥാർത്ഥ കഥ ഇപ്പോൾ നടന്നത് ഹോക്കിയിലല്ല ഫുട്ബോളിലാണെന്ന് മാത്രം.

ഈജിപ്തിനെ കീഴടക്കി സെന​ഗൽ കന്നി ആഫ്രിക്കൻ കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടപ്പോൾ അത് അവരുടെ പരിശീലകൻ അലിയു സിസെയ്ക്ക് ആനന്ദ കണ്ണീരിന്റെ നിമിഷം കൂടിയാണ്. 20 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ പെനാൽറ്റി പാഴാക്കി വില്ലൻ ആയി മാറിയ സിസെ ഇന്ന് പരിശീലകനായി രാജ്യത്തിനു ആദ്യ ആഫ്രിക്കൻ കിരീടം സമ്മാനിച്ചു. അതും താൻ പെനാൽറ്റി പാഴാക്കിയ അന്നത്തെ എതിരാളികളായ കാമറൂണിന്റെ മണ്ണിൽ വച്ച്. 

ലില്ലെ, പിഎസ്ജി, ബ്രിമിങ്ഹാം ക്ലബുകൾക്ക് മധ്യനിരയിലും പ്രതിരോധത്തിലും കളിച്ച സിസെ സെനഗലിന് ആയി 35 മത്സരങ്ങൾ കളിച്ച താരമാണ്. 2002ൽ ലോക ജേതാക്കൾ ആയ ഫ്രാൻസിനെ ഉദ്ഘാടന മത്സരത്തിൽ അട്ടിമറിച്ച സെന​ഗൽ ടീമിൽ അംഗം ആയിരുന്നു സിസെ. ആ വർഷം ആഫ്രിക്കൻ കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന സെനഗലിന് പെനാൽറ്റിയിൽ പിഴക്കുക ആയിരുന്നു. കാമറൂണിന് എതിരെ പെനാൽറ്റി പാഴാക്കിയ വില്ലൻ ആയി ടീം ക്യാപ്റ്റൻ കൂടിയായ സിസെ അന്ന് മാറുകയായിരുന്നു. 

2015 മുതൽ സെനഗൽ ടീം പരിശീലകൻ ആയി ചുമതല ഏറ്റെടുത്ത സിസെ രാജ്യത്തിന് 2018ലെ ഫിഫ ലോകകപ്പിന് യോഗ്യത സമ്മാനിച്ചു. ചരിത്രത്തിൽ ആദ്യമായി ‘ഫെയർ പ്ലെ’ നിയമം കൊണ്ടു ഗ്രൂപ്പ് ഘട്ടത്തിൽ നിർഭാഗ്യവശാൽ സെനഗൽ പുറത്ത് പോയി. 

2002ൽ താരമായി ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനൽ കളിച്ച സിസെ പിന്നീട് 2019ൽ പരിശീലകനായി ആദ്യമായി സെനഗലിനെ ആഫ്രിക്കൻ നേഷൻസ് ഫൈനലിൽ എത്തിച്ചു. എന്നാൽ ഇത്തവണയും നിർഭാഗ്യം പിന്തുടർന്നപ്പോൾ അൾജീരിയക്ക് എതിരെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് സെനഗൽ പരാജയപ്പെട്ടു. 

കഴിഞ്ഞ ഏഴ് വർഷമായി ടീമിനെ പരിശീലിപ്പിക്കുന്ന സിസെ പടിപടിയായാണ് സെന​ഗലിനെ ​കരുത്തുറ്റ സംഘമാക്കി മാറ്റിയത്. രണ്ട് വട്ടം കൈവിട്ട കിരീടം നടാടെ പിടിച്ചെടുത്ത് സിസെ സൂപ്പർ പരിശീലകർക്ക് ഇടയിൽ ആഫ്രിക്കൻ പരിശീലകരുടെ കൂടി വിജയത്തിന് അടിവരയിടുന്നു. ഒപ്പം 20 വർഷമായി കനലായി നീറിയ ഒരു നഷ്ടത്തിനും കിരീട നേട്ടത്തോടെ അന്ത്യമിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ