കേരളം

സര്‍ക്കാര്‍ ഇടപെടല്‍; നഴ്‌സുമാരുടെ സമരം മാറ്റിവച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ നഴ്‌സുമാര്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചു. സമരം മാറ്റിയാല്‍ ചര്‍ച്ചയ്ക്കു മാധ്യസ്ഥം വഹിക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം കണക്കിലെടുത്താണ് തീരുമാനം. ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും ബുധനാഴ്ച വരെ സമരം നടത്തില്ലെന്നും നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചു. ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോവുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.

സമരം മാറ്റിവെച്ചാല്‍ ചര്‍ച്ചയാകാമെന്ന് യുഎന്‍എയോട് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗപചാരികമായി അറിയിച്ചിരുന്നു.  ആവശ്യങ്ങള്‍ എഴുതിക്കൊടുക്കാന്‍ സംഘടനയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ശമ്പളം 20000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് യുഎന്‍എയുടെ ആവശ്യം. സമരം നടത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും മുഖ്യമന്ത്രിയുടെ ഓഫിസ് മാധ്യസ്ഥ നിര്‍ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ യോഗത്തിലാണ് തീരുമാനം.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍  മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട സമിതിയോട്  19ന് ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മാനേജുമെന്റുകളുമായും സമരക്കാരുമായി പ്രത്യേകം ചര്‍ച്ച നടത്താനാണ് കോടതി നിര്‍ദ്ദേശം. തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് നടത്തരുതെന്ന് കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. പണിമുടക്ക് നടത്തുകയാണെങ്കില്‍ നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. 

നഴ്‌സുമാര്‍ സമരം തുടര്‍ന്നാല്‍ ആശുപത്രികള്‍ ഭാഗികമായി അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സംഭവത്തില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം