കേരളം

ഇത്തവണത്തെ ഹര്‍ജി ജാമ്യത്തിനായുള്ള ദിലീപിന്റെ അവസാന അവസരം; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്. ദിലീപ് അനുകൂല വികാരം സൃഷ്ടിച്ചെടുക്കാനുള്ള സിനിമാ താരങ്ങളുടേയും രാഷ്ട്രീയക്കാരുടേയും ശ്രമങ്ങള്‍ക്കിടയിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുന്നത്. ഇത് മൂന്നാംതവണയാണ് ദിലീപ് ജാമ്യ ഹര്‍ജി നല്‍കുന്നത്. ഇന്ന് ഹര്‍ജി നല്‍കിയാലും അടുത്ത ദിവസമാകും പരിഗണിക്കുക. സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കു. അതേസമയം കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കും. 

ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സര്‍പ്പിക്കുന്നതിനാല്‍  ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്.ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ. നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചായിരിക്കും ഇത്തവണയും ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായെന്നും ഇനിയും ജാമ്യം തടയരുതെന്നുമായിരിക്കും പ്രതിഭാഗം ആവശ്യപ്പെടുക.

കേസില്‍ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാവാത്തത് അടക്കമുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയേക്കും. നടന്‍ ഗണേഷ് കുമാര്‍ അടക്കം സിനിമാ മേഖലയില്‍നിന്നുള്ള പ്രമുഖര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതും പ്രോസിക്യൂഷന്റെ വാദങ്ങളായി എത്തിയേക്കും.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.അറസ്റ്റുചെയ്യുമെന്ന് ഭീഷണിയുള്ളതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ സെറ്റില്‍വെച്ച് നാദിര്‍ഷ പണം നല്‍കിയെന്ന സുനില്‍കുമാറിന്റെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുനില്‍കുമാറുമായി പണമിടപാട് നടത്തിയിരുന്നോ എന്നന്വേഷിക്കാനാണ് നാദിര്‍ഷയെ രണ്ടാമതും ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.എന്നാല്‍ നെഞ്ചുവേദന എന്നുപറഞ്ഞ് നാദിര്‍ഷ ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു. 

നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയില്‍ പറയുന്ന തീയതി സുനില്‍കുമാര്‍ തൊടുപുഴയില്‍ ചെന്നിരുന്നെന്ന് ടവര്‍ ലൊക്കേഷന്‍വഴി പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം