കേരളം

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണമില്ല; ശ്രീജിത്തിന്റെ ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് അന്വേഷണം തൃപ്തികരമായി മുന്നേറുകയാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. നേരത്തെ സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. 

പൊലീസുകാര്‍ പ്രതിയായ കേസിലെ അന്വേഷണം, പൊലീസ് നടത്തുന്നത് ശരിയല്ലെന്നാണ്, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ശ്രീജിത്തിന്റെ ഭാര്യ അഖില ചൂണ്ടിക്കാട്ടിയത്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും അഖില ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റൂറല്‍ എസ്പി രൂപീകരിച്ച ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിനാല്‍ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെ കേസില്‍ പ്രതി ചേര്‍ക്കാത്തതും അഖില ചൂണ്ടിക്കാണിച്ചു. 

കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കുറ്റമറ്റതാണെന്ന് കോടതി വിലയിരുത്തി. കേസ് ഡയറി അടക്കം കോടതി വിശദമായി പരിശോധിച്ചിരുന്നു. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന ഹര്‍ജിക്കാരിയുടെ വാദം ആശങ്ക മാത്രമാണെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 

നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് നല്ലരീതിയില്‍ അന്വേഷിക്കുകയാണെന്നും, സിബിഐ അന്വേഷണം വേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. 

കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായ് പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചത്. കേസില്‍ പറവൂര്‍ മുന്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ മുന്‍ എസ്‌ഐ ദീപക്, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ഫോഴ്‌സ് അംഗങ്ങളായ പൊലീസുകാര്‍ എന്നിവര്‍ പ്രതികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്