കേരളം

ആശങ്ക വേണ്ട, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി; കൂടുതല്‍ ഹെലികോപ്റ്ററുകള്‍ നാളെയെത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതി മൂലമുള്ള പ്രശ്നങ്ങള്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാല്‍ നിയന്ത്രണവിധേയമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ഒന്നരലക്ഷം പേര്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലായുണ്ട്. കുടുങ്ങിക്കിടന്ന 2500 പേരെ എറണാകുളം ജില്ലയില്‍നിന്നും, 550 പേരെ പത്തനംതിട്ട ജില്ലയില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. മഴകെടുതികൊണ്ടുള്ള ദുരിതങ്ങള്‍ സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം നിയന്ത്രണവിധേയമാണ്.


രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ വെള്ളിയാഴ്ച ലഭ്യമാകും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കും. മൂന്ന് ഹെലികോപ്റ്റര്‍ വീതം ഈ ജില്ലാ ആസ്ഥാനങ്ങളില്‍ വെളുപ്പിന് എത്തും. അവിടെ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. 23 ഹെലികോപ്റ്റര്‍ വെള്ളിയാഴ്ച പ്രവര്‍ത്തന സജ്ജമാകും. 250 ഓളം ബോട്ടുകള്‍ ഈ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നുണ്ട്. ആലുവ, ചാലക്കുടി, ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ ഉപയോഗിക്കും.

കേന്ദ്രസേനകളുടെ ബോട്ടുകള്‍ കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ള ഫയര്‍ ഫോഴ്സില്‍ നിന്നുള്ളവയും സ്വകാര്യബോട്ടുകളും ഉപയോഗിക്കും. എല്ലാ സ്ഥലങ്ങളിലും കൂടുതല്‍ ബോട്ടുകള്‍ വ്യാഴാഴ്ച രാത്രിയോടെ എത്തും. 200ല്‍ ഏറെ ബോട്ടുകള്‍ വെള്ളിയാഴ്ച കൂടുതലായി ഉണ്ടാകും. കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. ചാലക്കുടി പുഴയില്‍ വെള്ളമുയരുന്നതിന് ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ദുരിതാശ്വാസത്തിന്റെ പൊതുവായ ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കാണ്. രക്ഷാപ്രവര്‍ത്തനത്തിന് പോലീസും ഫയര്‍ഫോഴ്സും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. വെള്ളപ്പൊക്കം കൂടുതലുള്ള സ്ഥലങ്ങളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഏകോപന ചുമതല നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍