കേരളം

ശ്രദ്ധിക്കുക! ബ്ലീച്ചിംഗ് പൗഡര്‍ അമിതമാവരുത്, സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ സൂക്ഷ്മത വേണം, വയറിങ് പരിശോധിക്കാന്‍ വയര്‍മാന്‍മാരെത്തും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വെള്ളം ഇറങ്ങിയശേഷം ചെളിനിറഞ്ഞ് നില്‍ക്കുന്ന പ്രദേശങ്ങളില്‍ അമിതമായി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. ബ്ലീച്ച് ലായനി ഉപയോഗിച്ച് വൈദ്യുതി ഉപകരണങ്ങള്‍ ഒഴികെ തറ, ഭിത്തി, സീലിംഗ്, തടി, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ എന്നിവ വൃത്തിയാക്കാം. കിണറുകളും ഭൂമിക്കടിയില്‍ ഉള്‍പ്പെടെയുള്ള ജലസംഭരണികളും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് മാത്രമേ ഉപയോഗിക്കാവൂവെന്ന് അറിയിപ്പില്‍ പറയുന്നു.

സൂപ്പര്‍ ക്ലോറിനേഷന്‍  ചെയ്യേണ്ടവിധം

കിണറിലെ/ജലസംഭരണിയിലെ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തുക. ആയിരം ലിറ്റര്‍ ജലത്തിന് അഞ്ച് ഗ്രാം എന്ന തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ ബക്കറ്റില്‍ എടുത്ത് കുഴമ്പ് പരുവത്തിലാക്കണം. തുടര്‍ന്ന് മുക്കാല്‍ ഭാഗത്തോളം വെള്ളമൊഴിച്ച് നന്നായി കലക്കിയശേഷം 10 മിനിട്ട് തെളിയുന്നതിനായി വയ്ക്കണം. തെളിഞ്ഞ ലായനി മറ്റൊരു ബക്കറ്റിലോ തൊട്ടിയിലോ പകര്‍ന്ന് കിണറ്റിലേക്ക് നന്നായി ഇടിച്ചുതാഴ്ത്തണം. ഒരു മണിക്കൂര്‍ സമയത്തിന് ശേഷം ഈ വെള്ളം ഉപയോഗിക്കാം. 

സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്താലും വെട്ടിത്തിളപ്പിച്ച് ആറിച്ചശേഷം മാത്രമേ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാവൂ. ജലസംഭരണികളും കിണറുകളും ആഴ്ചയില്‍ രണ്ട് ദിവസം എന്ന രീതിയില്‍ രണ്ട് മാസം വരെ സൂപ്പര്‍ക്ലോറിനേഷന്‍ നടത്തണം. സൂപ്പര്‍ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.     

വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കുക

പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

പുരടയിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി സ്ഥലത്ത് വൈദ്യുത ബന്ധം ഉണ്ടോ ഇല്ലയോ എന്നു ഉറപ്പു വരുത്തണം. ഒരാള്‍ മാത്രമായി സ്ഥാപനങ്ങള്‍/വീടുകള്‍ എന്നിവിടങ്ങളിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്. പുരയിടത്തിലേക്ക് കടക്കുന്നതിനു മുമ്പായി വീട്/സ്ഥാപനത്തിലേക്കുള്ള വൈദ്യുതി ലൈന്‍/സര്‍വീസ് വയര്‍ എന്നിവ പൊട്ടിവീണിട്ടുണ്ടൊയെന്ന് ഉറപ്പുവരുത്തണം.  ചുറ്റുവട്ടത്ത് വൈദ്യുതി ഉണ്ടെങ്കില്‍ പ്രസ്തുത ലൈന്‍/സര്‍വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്.  ലൈനുകള്‍ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ ആയി ശ്രദ്ധയില്‍പ്പെട്ടാല്‍ 9496061061 എന്ന ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടണം. ഏതെങ്കിലും സ്വിച്ച് ബോര്‍ഡോ എക്സ്റ്റന്‍ഷന്‍ ബോര്‍ഡോ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അതിന്റെ സമീപത്ത് പോകരുത്. വീടുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. പൊട്ടിക്കിടക്കുന്ന എര്‍ത്ത് കമ്പിയില്‍ സ്പര്‍ശിക്കുവാന്‍ പാടില്ല.

നനവില്ലാത്ത ചെരുപ്പ് ധരിച്ച് മാത്രമേ സ്വിച്ചുകള്‍ ഓണാക്കാവൂ. പൊട്ടിക്കിടക്കുന്ന എര്‍ത്ത് കമ്പിയില്‍ സ്പര്‍ശിക്കാന്‍ പാടില്ല. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണോയെന്ന് അറിയാന്‍ അതിന്റെ ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ട്രിപ്പ് ആകുന്നുണ്ടോയെന്ന് നോക്കണം.  ഒരു കാരണവശാലും ഇ.എല്‍.സി.ബി ബൈപാസ് ചെയ്ത് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കരുത്. വീട്ടിലെ പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അഴിച്ചു മാറ്റണം.  ഏതെങ്കിലും ഉപകരണം നനഞ്ഞതായോ വെള്ളം കയറിയതായോ കാണുകയാണെങ്കില്‍ ആ ഉപകരണം ഉപയോഗിക്കരുത്. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഓരോരോ എം.സി.ബി. ഓണ്‍ ചെയ്യാം. എ.എല്‍.സി.ബിയോ എം.സി.ബിയോ ട്രിപ്പ് ആകുന്ന പക്ഷം ഉപകരണങ്ങള്‍ സ്വയം ഓണ്‍ ആക്കാന്‍ ശ്രമിക്കരുത്.  കൈകൊണ്ട് സ്പര്‍ശിക്കാതെ വേണം എനര്‍ജി മീറ്ററിനു കേടുപാടുണ്ടോയെന്നും കത്തിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടത്. ഇന്‍വെര്‍ട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്.  

വൈദ്യുതി  സംബന്ധമായ സഹായത്തിന് കെ.എസ്.ഇ.ബി.എല്‍/ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായി ബന്ധപ്പെടേണ്ടതാണ്.  ജോയിന്റുള്ള പ്ലാസ്റ്റിക് വയര്‍ ഉപയോഗിച്ച് താത്കാലിക വയറിംഗ് നടത്തരുത്. വീട്ടിലെ വയറിംഗ് സംബന്ധമായ തകരാറുകള്‍ പരിശോധിക്കുന്നതിനായി വയര്‍മാന്‍മാരുടെ സൗജന്യ സേവനത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ ബന്ധപ്പെടാം. ശക്തമായ സൂര്യപ്രകാശം ഉള്ളപ്പോള്‍ സോളാര്‍ പ്രതിഷ്ഠാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്.  സ്വിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മറുകൈ ഭിത്തിയിലോ മറ്റോ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. പാചകവാതകം, മറ്റു വാതക സാന്നിദ്ധ്യം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ സ്വിച്ചുകളോ മറ്റു വൈദ്യുത ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കരുത്. വൈദ്യുതി പുന:സ്ഥാപിക്കുന്ന ജോലിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിക്കണം.  ഏതെങ്കിലും സ്വിച്ച് ബോര്‍ഡോ കേടായ ഉപകരണങ്ങളോ സ്വയം റിപ്പയര്‍ ചെയ്യരുത് എന്നും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്