കേരളം

വനിതാ മതിലിനെച്ചൊല്ലി നിയമസഭയില്‍ കയ്യാങ്കളി; പികെ ബഷീറും വി ജോയിയും ഏറ്റുമുട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വര്‍ഗീയ മതില്‍ ആണെന്ന മുസ്ലിം ലീഗ് അംഗം എംകെ മുനീറിന്റെ പ്രസ്താവനയെച്ചൊല്ലി നിയമസഭയില്‍ കയ്യാങ്കളി. ലീഗ് അംഗം പികെ ബഷീറും സിപിഎമ്മിലെ വി ജോയിയുമാണ് സഭയില്‍ ഏറ്റുമുട്ടിയത്. സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പുറത്തേക്കു പോവുന്നതിനിടെയായിരുന്നു ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. 

വനിതാ മതിലിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെയാണ് മുനീറിന്റെ പരാമര്‍ശം. ജര്‍മനിയില്‍ പണിത ബെര്‍ലിന്‍ മതില്‍ ജനങ്ങള്‍ പൊളിച്ചുമാറ്റിയതു പോലെ ഈ വര്‍ഗീയ മതിലും ജനങ്ങള്‍ പൊളിക്കുമെന്നായിരുന്നു മുനീറിന്റെ പരാമര്‍ശം. വെള്ളാപ്പള്ളിയും സിപി സുഗതനും പണിയുന്ന മതില്‍ വര്‍ഗീയ മതിലാണെന്ന് മുനീര്‍ ആരോപിച്ചു. ഇതോടെ ബഹളവുമായി ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. പരാമര്‍ശം പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹളം വച്ച് നടുത്തളത്തില്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു.

പരാമര്‍ശം പിന്‍വലിക്കില്ലെന്നും പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നുവെന്നും എംകെ മുനീര്‍ വ്യക്തമാക്കി. പ്രതിപക്ഷം വനിതാ മതിലിനോടു സഹകരിക്കുകയാണ് വേണ്ടതെന്ന് നേരത്തെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വനിതാ മതിലില്‍ വര്‍ഗീയതയില്ല. മറിച്ച് വനിതകളുടെ അഭിമാനമാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെ വര്‍ഗീയമായി ചിത്രീകരിക്കുന്ന വനിതകളെ ആക്ഷേപിക്കുന്നതിനു തുല്യമാണെന്നും ഭരണപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി.

അരമണിക്കൂറോളം നടപടികള്‍ നിര്‍ത്തിവച്ച ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. മുനീര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോവുന്നതിനിടെ പികെ ബഷീറും ജോയിയും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.

നേരത്തെ എംഎല്‍എമാരുടെ സമരത്തോട് സര്‍ക്കാര്‍ നിസംഗ സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്