കേരളം

സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ഷുഹൈബിന്റെ കുടുബം നിരാഹാര സമരത്തിന് 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്  ഷുഹൈബിന്റെ കുടുബം നിരാഹാര സമരത്തിലേക്ക്. സിബിഐ അന്വേഷണം  നടത്തിയാല്‍ മാത്രമേ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് വരികയുള്ളൂവെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ നിരാഹാരം ഇരിക്കുമെന്ന് ഷുഹൈബിന്റെ സഹോദരിയും വ്യക്തമാക്കി. 

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പിടിയിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നില്ല. ശേഷിക്കുന്ന പ്രതികളെയും ഒരാഴ്ചയ്ക്കകം പിടിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിച്ചിരുന്നതാണെന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരും എന്നതുകൊണ്ടാണ് സിബിഐ അന്വേഷണം നടത്തുന്നതില്‍ വിരോധമില്ലെന്ന് മന്ത്രി എ കെ ബാലന്റെ നിലപാടില്‍ നിന്നും മുഖ്യമന്ത്രി പിന്തിരിഞ്ഞത്. സിബിഐ അന്വേഷണം ആകാമെന്ന് ബാലന്‍ പ്രസ്താവിച്ചത് സിപിഎം ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. സിബിഐ അന്വേഷണക്കാര്യത്തില്‍ സര്‍ക്കാരിന്റെ മലക്കം മറിച്ചിലിന് പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് ബുദ്ധിയുള്ളവര്‍ക്ക് ചിന്തിച്ചാല്‍ മനസ്സിലാകുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. 

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഈആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും, ഉപാധ്യക്ഷന്‍ സിആര്‍ മഹേഷും സെക്രട്ടേറിയറ്റിന് മുന്നിലും സമരത്തിലാണ്. സിബിഐ അന്വേഷണമില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഭാവി പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് യുഡിഎഫ് യോഗം ചേരുന്നുണ്ട്. സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ ദേശീയ പാത ഉപരോധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ സുധാകരന്റെ കണ്ണൂരിലെ സമരപന്തല്‍ സന്ദര്‍ശിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍