കേരളം

റേഷന്‍ വിഹിതം കൂട്ടില്ല , കോച്ച് ഫാക്ടറിയില്‍ ഉറപ്പില്ല , മോദി പിണറായി കൂടിക്കാഴ്ച വെറുതെയായി, നിരാശാജനകമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : റേഷന്‍ വിഹിതം പുനഃസ്ഥാപിക്കല്‍, കഞ്ചിക്കോട് കോച്ച് പാക്ടറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കൂടിക്കാഴ്ച നടത്തി. ചര്‍ച്ച നിരാശാജനകമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി വിജയന്‍ വ്യക്തമാക്കി. ദേശീയ ഭക്ഷ്യഭദ്രത നിയമം വന്നതിന് ശേഷം മുന്‍ഗണന പട്ടികയിലുള്ള റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യം കിട്ടുന്നില്ല. ഭക്ഷ്യ ഭദ്രത നിയമം വരുന്നതിന് മുമ്പ്  കേന്ദ്രം അനുവദിച്ചിരുന്ന വിഹിതം പര്യാപ്തമായിരുന്നു. ഈ വിഹിതം പുനഃസ്ഥാപിക്കണമെന്ന് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്ന കാര്യവും സംഘം ചൂണ്ടിക്കാട്ടി. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 14.25 ലക്ഷം മെട്രിക് ടണ്ണാക്കി കുറച്ചിരുന്നു. ഇത് പഴയപടി നിലനിര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ ഭക്ഷ്യ ഭദ്രതാനിയമത്തില്‍ കേരളത്തിന് മാത്രമായി പ്രത്യേകിച്ച് ഇളവുകള്‍ ഒന്നും ചെയ്യാന്‍ ആകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും തിരുവനന്തപുരത്ത് നിന്നും പുറപ്പെടുമ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ കോച്ച് ഫാക്ടറിയുടെ കാര്യത്തിലും പ്രധാനമന്ത്രിയില്‍ നിന്നും ഉറപ്പുകള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അങ്കമാലി -ശബരി റെയില്‍പാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ പദ്ധതി നടപ്പാക്കാമെന്ന് കേന്ദ്രം അറിയിച്ചു. ശബരി റെയില്‍വേ ലൈന്‍ സംബന്ധിച്ച് റെയില്‍വേയുമായി സംസാരിച്ച് കേരള സര്‍ക്കാരും റെയില്‍വേയുമായുള്ള ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും മോദി ഉറപ്പുനല്‍കി.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്നും സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി ലഭിക്കുന്നുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഫാക്ടറിക്കായി കേരളം 700 ഏക്കര്‍ സ്ഥലം നല്‍കി. കമ്പനിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യ നിരക്കില്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഫാക്ടറി വില്‍ക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറണമെന്നും, പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും കേരളം ശക്തമായി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി നെഗോഷ്യേറ്റ് ചെയ്ത്, സംസ്ഥാനത്തിന് ഫാക്ടറി കൈമാറണമെന്നും ആവശ്യം ഉന്നയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. 

കസ്തൂരിരം​ഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം പെട്ടെന്ന് പുറപ്പെടുവിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് മറ്റു സംസ്ഥാനങ്ങളേയും കൂടി ബാധിക്കുന്ന വിഷയമായതിനാൽ അവരോട് കൂടി ആലോചിച്ച് പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാം എന്ന് പ്രധാനമന്ത്രി മറുപടി നൽകി. കോഴിക്കോട് വിമാനത്താവളം നേരിടുന്ന പ്രതിസന്ധികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രധാനമന്ത്രി ഇടപെട്ട് കോഴിക്കോട് വലിയ വിമാനങ്ങല്‍ ഇറങ്ങാന്‍ അവസരം ഒരുക്കണമെന്നും സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'