കേരളം

അച്ചാറും രസവും മാത്രം പോര: സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മുട്ടയും പഴവും വേണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് കറിയായി അച്ചാറും രസവും ഉള്‍പ്പെടുത്തരുതെന്ന് സര്‍ക്കാര്‍. ചില സ്‌കൂളുകളില്‍ അച്ചാറോ രസമോ നല്‍കി, അതൊരു കറിയായി എണ്ണുന്ന പതിവുണ്ട്. ഇത് തടയാനാണ് അച്ചാറും രസവും കറിയായി ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശിക്കുന്നത്.

ഡിപിഐയുടെ നിര്‍ദേശപ്രകാരം കുട്ടികള്‍ക്ക് ചോറിനൊപ്പം ഒരു കറിയും രണ്ട് വിഭവങ്ങളുമാണ് നല്‍കേണ്ടത്. കറികളിലും പയറുവര്‍ഗങ്ങളിലും വൈവിദ്യമുറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍പീസ്, മുതിര എന്നിവ കറികളില്‍ ഉള്‍പ്പെടുത്തണം. ഇതിനു മുന്നോടിയായി സാംപിള്‍ മെനുവും ഡിപിഐ തയാറാക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസിക ശാരീരിക വികാസം ലക്ഷ്യമിട്ടാണിത്. 

ആഴ്ചയില്‍ ഒരു മുട്ടവീതം(ഉച്ചഭക്ഷണത്തിനൊപ്പം) മുട്ടക്കറിയായി കുട്ടികള്‍ക്ക് നല്‍കണം. മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് മുട്ടയുടെ വിലയുള്ള നേന്ത്രപ്പഴം നല്‍കണം. കൂടാതെ ആഴ്ചയില്‍ രണ്ടുതവണ 150 മില്ലീലിറ്റര്‍ തിളപ്പിച്ച പാല്‍ നിര്‍ബന്ധമായും നല്‍കണം. പാല്‍ കഴിഞ്ഞവര്‍ഷവും കുട്ടികള്‍ക്ക് നല്‍കിയിരുന്നതാണ്. 

ഏതെങ്കിലും ഒരു അധ്യാപിക രുചിച്ച് നോക്കിയതിന് ശേഷം മാത്രമേ കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ പാടു. മാത്രമല്ല, ഭക്ഷണം വിളമ്പുമ്പോള്‍ രക്ഷാകര്‍ത്താക്കളോ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോ കൂടെയുണ്ടാകണം. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ഇടയ്ക്കിടക്ക് ശേഖരിച്ച് കൊല്ലത്തെ ലാബില്‍ പരിശോധിക്കും. ആലപ്പുഴ, വയനാട് ജില്ലകളില്‍ ഈ വര്‍ഷം സാമൂഹിക ഓഡിറ്റ് നടത്തും. തുടര്‍വര്‍ഷങ്ങളില്‍ മറ്റ് ജില്ലകളിലും സാമൂഹിക ഓഡിറ്റ് നടത്തും. 

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ഫണ്ട് തദ്ദേശസ്ഥാപനങ്ങളുടെ സഹായം, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാനിധി എന്നിവയില്‍ നിന്നുമാണ് കണ്ടെത്തേണ്ടത്. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിക്കാം. മാത്രമല്ല, അഥവാ ഫണ്ടിന് ക്ഷാമമുണ്ടായാല്‍ സ്‌കൂളിലെ ഏത് ഫണ്ടും ഇതിനായി ഉപയോഗിക്കാം. എന്നാല്‍ ഫണ്ട് ലഭ്യമാകുമ്പോള്‍ അത് ക്രമപ്പെടുത്തണം. സ്‌കൂള്‍ വളപ്പില്‍ പച്ചക്കറിത്തോട്ടമുണ്ടാക്കി അതില്‍ നിന്നുള്ള വിഭവങ്ങളും ഉപയോഗിക്കണമെന്ന് നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'