കേരളം

മുഖ്യമന്ത്രിയെ തീരുമാനിച്ചത് പാര്‍ട്ടി ; പാര്‍ട്ടി വിട്ടൊരു കളിയില്ലെന്ന് മന്ത്രി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിപിഎമ്മാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കേണ്ട ബാധ്യതയുണ്ട്. സംഘടന വിട്ടൊരു കളിയുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കി. ഇതിനോട് പ്രതികരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയെ ന്യായീകരിച്ച് മന്ത്രി സുധാകരന്‍ രംഗത്തെത്തിയത്. 

മുഖ്യമന്ത്രി എത്ര ദിവസമായി സഭയിലെത്തിയിട്ടെന്ന് ചോദിച്ചാണ് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചത്. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ആഭ്യന്തര വകുപ്പിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ മറ്റുമന്ത്രിമാരാണ് മറുപടി പറഞ്ഞത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സഭയിലെത്താത്തത് ഗൗരവമേറിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

അതേസമയം മുഖ്യമന്ത്രി സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇക്കാര്യം സഭയെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. സിഐടിയു സമ്മേളനത്തിനും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗത്തിനും ഉള്ള പ്രാധാന്യം സഭയ്ക്ക് ഇല്ലേയെന്ന് കെ മുരളീധരന്‍ ചോദിച്ചു. മോദി ചെയ്യുന്നത് തന്നെയല്ലേ പിണറായിയും ചെയ്യുന്നത്. നിയമസഭയെ പിണറായിക്ക് ബഹുമാനമില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

നിയമസഭയിലെ അസാന്നിധ്യത്തെ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ബഹളമുണ്ടായ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഡല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്. കീഴാറ്റൂര്‍ വിഷയത്തില്‍ എലിവേറ്റഡ് ഹൈവേ അടക്കം ബദല്‍ സാധ്യതകളെക്കുറിച്ചും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?