കേരളം

രാജഗോപാലിനെയും കെജി മാരാരെയും യുഡിഎഫ് സ്ഥാനാര്‍ഥികളാക്കിയതില്‍ ആന്റണി പങ്കാളി; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ആര്‍എസ്എസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന് എംഎ ബേബി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ആര്‍ എസ് എസിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ചെയ്യുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോണ്‍ഗ്രസ് പരമ്പരാഗതമായ മതനിരപേക്ഷ നിലപാടില്‍ നിന്ന് മാറിപ്പോയതാണ് കേരളത്തില്‍ ആര്‍ എസ് എസിന് ഇന്നത്തെ രാഷ്ട്രീയ ഇടം ലഭിക്കാന്‍ കാരണമായതെന്ന് ബേബി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യസമരകാലം മുതല്‍ ആര്‍ എസ് എസിന്റെ നിരന്തരമായ ആക്രമണത്തിന് വിധേയമായത് ഇടതുപക്ഷമാണ്. അതില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ആന്റണി അടക്കമുള്ള കോണ്‍ഗ്രസുകാര്‍ ശ്രമിച്ചത്. ഇടതുപക്ഷത്തിനെതിരെ സംഘപരിവാരവുമായി എന്നും ആന്റണിയുടെ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പില്‍ പോയി.

ഇന്ത്യയില്‍ കോണ്‍ഗ്രസ് എവിടെയൊക്കെ സംഘപരിവാരത്തോട് ഒത്തുതീര്‍പ്പുണ്ടാക്കിയോ അവിടെയൊക്കെ നശിച്ചു പോയി. ബാബറി പള്ളി തകര്‍ക്കുന്നതിന് കൂട്ടു നില്ക്കുന്നതിലൂടെ മതനിരപേക്ഷ നിലപാടിനോട് കോണ്‍ഗ്രസ് വഞ്ചന കാണിച്ചതാണ് ഉത്തരേന്ത്യയാകെ അവരുടെ ചരമത്തിന് കാരണമായത്. അന്ന് സംഘപരിവാരത്തോട് ഒത്തു തീര്‍പ്പുണ്ടായക്കിയ നരസിംഹറാവു മന്ത്രിസഭയിലെ പ്രമുഖനായിരുന്നു എ കെ ആന്റണി. ആന്റണി ഇക്കാര്യത്തില്‍ ഇതുവരെ ഒരു ഖേദ പ്രകടനം പോലും നടത്തിയിട്ടില്ല- കുറിപ്പില്‍ പറയുന്നു.

കേരളത്തിലും 1980ല്‍ ജനതാ പാര്‍ട്ടിക്കാരായ ഒ രാജഗോപാലിനെയും കെ ജി മാരാരെയും ഒക്കെ യുഡി എഫ് സ്ഥാനാര്‍ത്ഥികളാക്കി മത്സരിപ്പിച്ചതിലും പിന്നീടുണ്ടായ അധാര്‍മികമായ വടകര-ബേപ്പൂര്‍ മോഡല്‍ സഖ്യങ്ങളിലും എ കെ ആന്റണിയും പങ്കാളി ആയിരുന്നു. കേരള നിയമസഭയില്‍ ആദ്യമായി ഒരു ആര്‍ എസുകാരന് പ്രവേശനം നല്കുന്നതിനായി നേമത്ത് സ്വന്തം വോട്ട് സ്വന്തം പാര്‍ടിക്ക് ലഭിക്കുന്നില്ല എന്നുറപ്പു വരുത്തിയതും ആന്റണിയുടെ പാര്‍ട്ടിയാണ്. മതന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന് വഴങ്ങി ഇന്ത്യയില്‍ ജീവിക്കണം എന്ന തരത്തിലുള്ള തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആന്റണിക്ക് ഒരിക്കലും മടിയുണ്ടായിട്ടില്ല.

ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിഎടുത്ത നിലപാട് കേരളത്തിലെ കോണ്‍ഗ്രസും എടുത്തിരുന്നുവെങ്കില്‍ കേരളം ഒന്നാകെ മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു നിലപാട് എടുക്കുന്ന സാഹചര്യം ഉണ്ടായേനെ. ആര്‍ എസ് എസുകാര്‍ ഇക്കാര്യത്തില്‍ ഒറ്റപ്പെടുമായിരുന്നു. കേരളത്തിലെ പ്രതിപക്ഷവും ആര്‍ എസ് എസിന്റെ നിലപാട് എടുത്തതാണ് അവര്‍ക്ക് സാധുത നല്കിയത്. അതിനാല്‍ ആര്‍ എസ് എസിന് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ കൂടുതല്‍ ഇടം നല്കിയത് എ കെ ആന്റണിയുടെ കോണ്‍ഗ്രസ് ആണെന്ന് ബേബി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്