കേരളം

എന്റെ ഭാര്യയും പൊതുപ്രവര്‍ത്തക , ഒരു സ്ത്രീയെയും വേദനിപ്പിക്കാനില്ല ; വിവാദത്തില്‍ വിശദീകരണവുമായി എ വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട് :  ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങളെ കണ്ട ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ത്ഥം നല്‍കി യുഡിഎഫ് പ്രചാരണം നടത്തുകയാണ്. രാഷ്ട്രീയ നിലപാടിലെ വ്യത്യസ്തതയെ കാര്‍ക്കശ്യത്തോടെ വിമര്‍ശിക്കുന്നത് തുടരും. 

ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മുമ്പും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്ത് വരണമെന്ന നിലപാടാണ് തനിക്കുള്ളത്. എന്റെ ഭാര്യയും പൊതുപ്രവര്‍ത്തകയാണ്. വനിതകളായ പൊതുപ്രവര്‍ത്തകരോട് മാന്യത പുലര്‍ത്തണമെന്ന നിലപാടാണ് തനിക്കുള്ളത്. ഒരു വനിതയേയും വേദനിപ്പിക്കാനില്ല. 

ഒരു പ്രസ്താവനയും വനിതക്കെതിരെ നടത്തിയിട്ടില്ല. ആനുഷംഗിക പരാമര്‍ശമാണ്. ഖേദം പ്രകടിപ്പിക്കാന്‍ തെറ്റായി ആര്‍ക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു വനിതക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധിയുള്ള ആളാണ് താന്‍. ഏതെങ്കിലും വനിതയെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറത്ത് ഒരു ദുരുദ്ദേശപരതയുമില്ല. 

യുഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളോടും സമീപനം രാഷ്ട്രീയപരമായാണ്. വ്യക്തിപരമായല്ല. എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും തോല്‍ക്കുമെന്നാണ് പ്രസംഗത്തില്‍ ഉദ്ദേശിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഗിന് കീഴ്‌പ്പെടുന്നു എന്ന് പറയാനാണ് ശ്രമിച്ചത്. കുഞ്ഞാലിക്കുട്ടി സുഹൃത്താണ്. കുഞ്ഞാലിക്കുട്ടിയേയും വേദനിപ്പിക്കാനില്ലെന്ന് ചോദ്യത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു. 

ആരെയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎം. ആരെയും വേദനിപ്പിക്കണമെന്ന ഉദ്ദേശം പ്രസംഗത്തിലില്ല. അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കും വേദനയുണ്ട്. രമ്യയെ സുഹൃത്തും സഹോദരിയുമായാണ് കാണുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. 

പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും