കേരളം

മറുപടി കിട്ടി ബോധിച്ചു; ശശി തരൂരിനെതിരെ നടപടി വേണ്ടെന്ന് കെപിസിസി, വിവാദം അവസാനിപ്പിക്കാന്‍ ധാരണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോദി സ്തുതി വിവാദത്തില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ നടപടികളൊന്നും വേണ്ടെന്ന് കെപിസിസി നേതൃതലത്തില്‍ ധാരണ. തരൂരിന്റെ മറുപടി അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതാക്കള്‍ക്കിടയില്‍ ധാരണയായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇനി പരസ്യ പ്രതികരണം വേണ്ടെന്നും കെപിസിസി നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി.

ശശി തരൂര്‍ മോദിയെ സ്തുതിച്ചു സംസാരിച്ചെന്ന് ആക്ഷേപമുയര്‍ന്നതിനെത്തുടര്‍ന്ന് കെപിസിസി നേതൃത്വം വിശദീകരണം ആരായുകയായിരുന്നു. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ടു നല്‍കാനും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാദം നീട്ടിക്കൊണ്ടുപോവുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ അവസാനിപ്പിക്കാന് നേതൃത്വം തീരുമാനിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള സാഹചര്യം പരിഗണിച്ചാണ് നടപടി.

വിശദീകരണ നോട്ടീസിന് ഇന്നലെ തന്നെ തരൂര്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു മറുപടി നല്‍കിയിരുന്നു. താന്‍ മോദി സ്തുതി നടത്തിയിട്ടില്ലെന്നു വ്യക്തമാക്കിയ തരൂര്‍ കെപിസിസി പ്രസിഡന്റ് എവിടെനിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും മറുപടിയില്‍ ചോദിക്കുന്നുണ്ട്. ''പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാന്‍ ഞാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത താങ്കള്‍ വിശ്വസിച്ചു എന്നത് ഞാന്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഞാന്‍ പറഞ്ഞു എന്ന് പറയപ്പെടുന്ന പ്രസ്താവന എവിടെ നിന്നറിഞ്ഞു എന്ന് സൂചിപ്പിച്ചാല്‍ ഞാന്‍ ഏറെ നന്ദിയുള്ളവനായിരിക്കും. കാരണം അത്തരത്തില്‍ ഒരു പ്രസ്താവന ഞാന്‍ ഇതേ വരെ നടത്തിയിട്ടില്ല. അതേസമയം ഈയിടെ അവസാനിച്ച, എട്ടാഴ്ച നീണ്ടു നിന്ന പാര്‍ലമെന്റ് സെഷനിലെ ചര്‍ച്ചകള്‍ അങ്ങ് പരിശോധിക്കുകയാണെങ്കില്‍ നമ്മുടെ ഭരണഘടനയുടെ അന്തസ്സിനും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും വിരുദ്ധമായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലുകളെ പ്രതിരോധിക്കാന്‍ ഞാന്‍ നടത്തിയ പഠന ഗവേഷണങ്ങളുടെ പത്തിലൊരംശം പോലും നമ്മുടെ സംസ്ഥാനത്തു നിന്നുള്ള മറ്റ് നേതാക്കന്മാര്‍ നടത്തിയിട്ടില്ല എന്ന് കാണാന്‍ കഴിയും.''- തരൂര്‍ പറയുന്നു.

''50 തവണയിലധികം ഞാന്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍ ഇടപെട്ടു,17 ബില്ലുകള്‍ക്കെതിരെ ഉത്തമ ബോധ്യത്തോടെ ധൈര്യപൂര്‍വം സര്‍ക്കാരിനെതിരെ സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള എന്റെ വിമര്‍ശകര്‍ക്കാര്‍ക്കെങ്കിലും അവര്‍ അപ്രകാരം ചെയ്തു എന്ന് അവകാശപ്പെടാന്‍ സാധിക്കുമോ?''

''കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എം.പി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പരിയായി എഴുത്തുകാരന്‍ എന്ന വിശ്വസ്തതയില്‍ ഊന്നി നിന്നുകൊണ്ട് ശക്തമായ എന്റെ തൂലിക ഉപയോഗിച്ച് പ്രഥമ മോദി സര്‍ക്കാരിന്റെ ഭരണത്തെ ഖണ്ഡിതമായി വിമര്‍ശിച്ചു കൊണ്ട് ഏറെ സമഗ്രമായി രചിച്ച Paradoxical Prime Minister എന്ന പുസ്തകം വിജയകരമായി ഞാന്‍ പ്രസിദ്ധീകരിച്ചു. ഏതെങ്കിലും തരത്തില്‍ മോഡിയെ ന്യായീകരിക്കുവാന്‍ ആഗ്രഹിക്കുന്ന രചനയല്ല ആ പുസ്തകം. ഇതെല്ലാം താങ്കള്‍ക്ക് നന്നായി അറിയാമെന്നിരിക്കെ എന്തിനാണ് ഈ കാരണം കാണിക്കല്‍ നോട്ടീസ്?'' -തരൂര്‍ ചോദിക്കുന്നു.

''കോണ്‍ഗ്രസ്സിന്റെ ശക്തരായ നേതാക്കളായ ജയറാം രമേശിന്റെയും അഭിഷേക് സിംഗ് വിയുടെയും അഭിപ്രായത്തോട് യോജിച്ചു കൊണ്ട് ഞാന്‍ നടത്തിയ ട്വീറ്റിനോട് പരിഭ്രാന്തരായി പ്രതികരിച്ചുള്ള ചില നേതാക്കളുടെ പ്രതികരണമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ആധാരം. എന്റെ ട്വീറ്റില്‍ ഞാന്‍ പറഞ്ഞത് ഇപ്രകാരമാണ്, നരേന്ദ്ര മോദി എപ്പോഴെങ്കിലും നല്ലത് പറയുകയോ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആയതിനെ പ്രശംസിക്കുന്നത് അദ്ദേഹത്തിനെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞിരുന്നു. എന്റെ അഭിപ്രായത്തിന്ന് അനുകൂലമായി പ്രതിപക്ഷത്ത് നിന്നുയരുന്ന ചിന്തകളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. നരേന്ദ്ര മോദി എപ്പോഴെങ്കിലും നല്ലത് പറയുകയോ ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ പ്രശംസിക്കുന്നത്, എന്ന് പറഞ്ഞത് മോദിയെ അഭിനന്ദിക്കുന്നതല്ല എന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ച് ബി.ജെ.പി കൂടാരത്തില്‍ ചേക്കേറിയ നിഷ്പക്ഷ ചിന്താഗതിക്കാരായ വോട്ടര്‍മാരെ കോണ്‍ഗ്രസ്സ് പാളയത്തിലേക്ക് വിജയകരമായി മടക്കി കൊണ്ടുവരാന്‍ ഇത്തരത്തിലുള്ള ക്രിയാത്മക വിമര്‍ശനം അത്യന്താപേക്ഷിതമാണെന്നും ജയറാം രമേശുംസിംഗ് വി യും ഞാനും വിശ്വസിക്കുന്നു. ഈ സമീപനം കോണ്‍ഗ്രസ്സ് വിമര്‍ശനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. ഞങ്ങള്‍ ഇന്ത്യ എന്ന പരിപ്രേക്ഷ്യത്തില്‍ നിന്നാണ് വിഷയങ്ങളെ വീക്ഷിക്കുന്നത്. ബിജെപി ശക്തമല്ലാത്ത കേരള രാഷ്ട്രീയ പരിസരത്ത് നിന്നല്ല. രണ്ടുവട്ടം ബി ജെ പി യെ നേരിട്ടെതിര്‍ത്ത് പരാജയപ്പെടുത്തിയ വ്യക്തി എന്ന നിലയില്‍ അവര്‍ക്കെതിരെയുള്ള വിജയകരമായ യുദ്ധതന്ത്ര ങ്ങളെ കുറിച്ച് എനിക്ക് ശരിക്കും ബോധ്യമുണ്ട്.''- മറുപടിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!