കേരളം

നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ മുന്‍സിപ്പാലിറ്റികളാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നഗരത്തിന്റേതായ സവിശേഷതകളുള്ള എല്ലാ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ കോര്‍പറേഷനുകളോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളെ കോര്‍പറേഷനുകള്‍ക്ക് കീഴിലാക്കും.

നഗരസ്വഭാവമുള്ള പഞ്ചായത്തുകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും ഒപ്പം നടക്കും. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കും. 


സംസ്ഥാനത്ത് 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇപ്പോഴുള്ളത്. ഇതില്‍ 941 എണ്ണം പഞ്ചായത്തുകളാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോര്‍പറേഷനുകളുമുണ്ട്. 1995ല്‍ 3 കോര്‍പറേഷനുകളും 55 മുനിസിപ്പാലിറ്റികളുമുണ്ടായിരുന്നതാണ് 5 തവണ പുനര്‍നിര്‍ണയം നടത്തി എണ്ണം വര്‍ധിപ്പിച്ചത്.

941 പഞ്ചായത്തുകളില്‍ നഗരങ്ങളോടും മുനിസിപ്പാലിറ്റികളോടും ചേര്‍ന്ന് കിടക്കുന്നതില്‍ പലതും നഗരത്തിന്റേതായ എല്ലാ സവിശേഷതകളുമുള്ളവയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനര്‍നിര്‍ണയവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സമിതി നിര്‍ദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും തദ്ദേശ ഭരണ സെക്രട്ടറി പട്ടിക തയാറാക്കുക. നിലവിലെ പഞ്ചായത്തുകളെ വിഭജിച്ചു പുതുതായി രൂപീകരിക്കാവുന്ന പഞ്ചായത്തുകളുടെ പട്ടികയും തദ്ദേശ സെക്രട്ടറി തയാറാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ