കേരളം

നിങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ മുട്ടിലിഴയാന്‍ ഇത് പിണറായി വിലാസം ഫാന്‍സ് അസോസിയേഷനല്ല: വിജയരാഘവനോട് കെഎസ്‌യു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ സമരം ചെയ്യുന്ന കെഎസ്‌യുക്കാരെ വിമര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജരാഘവനെതിരെ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്.  നിങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ മുട്ടിലിഴയാന്‍ ഇത് പിണറായി വിലാസം ഫാന്‍സ് അസോസിയേഷനല്ല. ഇതുപോലെ വഴിതെറ്റിപ്പോയ ഒരു സര്‍ക്കാറിനെ അധികാര ഭ്രഷ്ടരാക്കിയ വിദ്യാര്‍ത്ഥിപോരാട്ടത്തിന്റെ നേരവകാശികളാണെന്ന് അഭിജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

യൂണിവാഴ്‌സിറ്റി കോളേജില്‍ സ്വന്തം പ്രവര്‍ത്തകനെ യൂണിറ്റ് ഭാരവാഹി കൂടിയായ ക്രിമിനല്‍ നേതാവ് കുത്തിവീഴ്ത്തിയതിനെ വെറുംഅടിപിടിയായി ലളിതവത്കരിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ആലമ്പാടന്‍ വിജരാഘവനോട് സഹതാപം തോന്നുന്നു. എസ്.എഫ്.ഐ എന്ന സംഘടനയുടെ ദേശീയ അമരക്കാരനായിരുന്ന ഒരാള്‍ തന്റെ പിന്മുറക്കാര്‍ ക്രിമിനല്‍ക്കൂട്ടമായി അക്കാദമിക അന്തരീക്ഷം തകര്‍ക്കുമ്പോഴും അതൊന്നും വലിയ വിഷയമല്ലെന്ന് പറയുന്നതിനെ രാഷ്ട്രീയ അധ:പതനം എന്നല്ലാതെ എന്തു വിളിക്കാനെന്ന് അഭിജിത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

അഭിജിത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ:

ആലമ്പാടന്‍ വിജയരാഘവന്‍ കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ ഇത് എസ്.എഫ്.ഐ അല്ല

യൂണിവാഴ്‌സിറ്റി കോളേജില്‍ സ്വന്തം പ്രവര്‍ത്തകനെ യൂണിറ്റ് ഭാരവാഹി കൂടിയായ ക്രിമിനല്‍ നേതാവ് കുത്തിവീഴ്ത്തിയതിനെ വെറുംഅടിപിടിയായി ലളിതവത്കരിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ആലമ്പാടന്‍ വിജരാഘവനോട് സഹതാപം തോന്നുന്നു. എസ്.എഫ്.ഐ എന്ന സംഘടനയുടെ ദേശീയ അമരക്കാരനായിരുന്ന ഒരാള്‍ തന്റെ പിന്മുറക്കാര്‍ ക്രിമിനല്‍ക്കൂട്ടമായി അക്കാദമിക അന്തരീക്ഷം തകര്‍ക്കുമ്പോഴും അതൊന്നും വലിയ വിഷയമല്ലെന്ന് പറയുന്നതിനെ രാഷ്ട്രീയ അധ:പതനം എന്നല്ലാതെ എന്തു വിളിക്കാന്‍?

എന്നാല്‍ അതേ ലളിതബുദ്ധിയോടെയാണ് കെ.എസ്.യുവിന്റെ സമരത്തെ കാണുന്നതെങ്കില്‍ വിജയരാഘവനോട് ഒന്നേ പറയാനുള്ളൂ: നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി. നിങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ മുട്ടിലിഴയാന്‍ ഇത് പിണറായി വിലാസം ഫാന്‍സ് അസോസിയേഷനല്ല. ഇതുപോലെ വഴിതെറ്റിപ്പോയ ഒരു സര്‍ക്കാറിനെ അധികാര ഭ്രഷ്ടരാക്കിയ വിദ്യാര്‍ത്ഥിപോരാട്ടത്തിന്റെ നേരവകാശികളാണ്.

അടിപിടിയുണ്ടാക്കിയവരെ പോലീസ് അറസ്റ്റ് ചെയ്തു, പിന്നെ എന്തിനാണ് സമരമെന്നാണ് വിജയരാഘവന്റെ ചോദ്യം. എ.കെ.ജി സെന്ററിലെ ഇരുട്ടുമുറിയില്‍ ഇരുന്ന് കോടിയേരി ബാലകൃഷ്ണന്റെ സന്തതികളില്‍ മൂത്തവനാണോ ഇളയവനാണോ കൂടുതല്‍ ഹീറോയെന്ന് വാദിച്ച് ഇരുഗ്രൂപ്പായി തിരിഞ്ഞ് ബെറ്റുവെക്കുന്നവരുടെ അടുക്കള കലാപമല്ല അവിടെ നടന്നത്. ഒരു വിദ്യാര്‍ത്ഥിയെ കൊല്ലാനായി കുത്തിമലര്‍ത്തിയ, സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കേരളത്തിന്റെ തെരുവുകള്‍ തോറും ആളിപ്പടരുന്ന വിദ്യാര്‍ത്ഥി സമരം നിങ്ങള്‍ ഓമനിച്ച് വളര്‍ത്തുന്ന ക്രിമിനല്‍ സംഘത്തെ ഇല്ലാതാക്കുമെന്ന ഭീതി വിജയരാഘവനുണ്ടാവും.

ഏതെങ്കിലും രണ്ടുപേരെ പോലീസിന് എറിഞ്ഞുകൊടുത്ത് കൈകഴുകാമെന്നാണ് വിജയരാഘവനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സര്‍ക്കാറും ധരിക്കുന്നതെങ്കില്‍ തെറ്റിപ്പോയി.

അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോള്‍ പി.എസ്.സി ലിസ്റ്റ് അട്ടിമറിച്ചും യൂണിവാഴ്‌സിറ്റി പരീക്ഷകളില്‍ കൃത്രിമം കാട്ടിയും പിന്‍വാതിലിലൂടെ കൈക്കൂലി നിയമനം നടത്തിയും നിങ്ങള്‍ക്ക് ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന താക്കീതുകൂടിയാണ് ഈ സമരം.

മധ്യപ്രദേശില്‍ നടന്ന വ്യാപം മോഡല്‍ പരീക്ഷാ തട്ടിപ്പാണ് ഇവിടെയും ഉണ്ടായതെന്ന് ഓരോ സംഭവുവും അടിവരയിടുന്നു. കോഴിക്കോട് കിര്‍ത്താഡ്‌സില്‍ പി.എസ്.സിക്ക് വ്യാജ രേഖകള്‍ നല്‍കി മൂന്ന് മുന്‍ എസ്.എഫ്.ഐക്കാര്‍ നിയമനം നേടിയതും പോലീസ് നിയമന ലിസ്റ്റില്‍ അനര്‍ഹര്‍ ഒന്നാമതെത്തിയതും കണ്ടിട്ടും മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ എ.കെ.ജി സെന്ററില്‍ നിന്ന് ദിവസക്കൂലി വാങ്ങുന്നവരല്ല. സ്വന്തം മക്കളെ ബര്‍മിങ്ഹാം യൂണിവാഴ്‌സിറ്റിയില്‍ ഉള്‍പ്പെടെ വിദേശത്ത് പഠിക്കാന്‍ പറഞ്ഞയച്ച ശേഷം പാവപ്പെട്ടവന്റെ മക്കളെ തെരുവിലിറക്കി രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പിണറായികോടിയേരി ലൈനല്ല ഞങ്ങളുടേത്. ഇത് ഇവിടുത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള സമരമാണ്. പരീക്ഷാ തട്ടിപ്പ് വിശ്വാസ്യതയുള്ള ഏജന്‍സി അന്വേഷിക്കും വരെ ഈ പോരാട്ടം കെ.എസ്.യു തുടരും. അതുകണ്ട് ഒരു ആലമ്പാടനും തുടല്‍പൊട്ടിക്കേണ്ട.

കേരളത്തിലെ ക്യാമ്പസുകളിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കും വരെ കെ.എസ്.യു പോരാടും. കാലിക്കറ്റ്എം ജികേരള സര്‍വകലാശാലകളുടെ ഹോസ്റ്റലുകള്‍ ആയുധപ്പുരകളാവുമ്പോള്‍ പതിനായിരക്കണക്കിന് രക്ഷിതാക്കളുടെ ആകുലതകള്‍ക്കൊപ്പമാണ് കെ.എസ്.യുവിന്റെ സമരം. മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും തൃശൂര്‍ ഗവ. ലോ കോളേജിലെ പ്രിന്‍സിപ്പലിനെ നാടുകടത്തിയതും പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പലിനെ പ്രതീകാത്മകമായ് ശവസംസ്‌കാരം നടത്തിയതും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ പ്രിന്‍സിപ്പലിലെ ഓടിച്ചതും ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ കേരളത്തിലെ അധ്യാപക സമൂഹത്തിനു വേണ്ടിയുമാണ് കെ.എസ്.യു സമരം. എല്ലാറ്റിലും പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ എന്ന ഭീകര സംഘടനയ്ക്കും അതിന്റെ ഗ്വാണ്ടനാമോ ഇടിമുറി ശൈലിക്കുമെതിരെയാണ്.

കെ.എസ്.യുക്കാരുടെ ജനന സര്‍ട്ടിഫിക്കറ്റ് തപ്പി നടന്ന് വയസ്സെത്രയെന്ന് കണ്ടുപിടിക്കലാണ് എല്‍.ഡി.എഫ് കണ്‍വീനറുടെ ഇപ്പോഴത്തെ പണിയെന്ന് തോന്നുന്നു. ഇരുപത്തിയാറ് വയസ്സുള്ള ശില്പ പഠിച്ച് പാസായി വക്കീലായിട്ടുണ്ടെങ്കില്‍ അത് ആ കുട്ടിയുടെ മിടുക്കാണ്. എത്ര വയസ്സുവരെ സംഘടനയില്‍ പ്രവര്‍ത്തിക്കാമെന്ന് കെ.എസ്.യുവിന്റെ ഭരണഘടനയലില്‍ എഴുതിവെച്ചിട്ടുണ്ട്. ശില്പയെന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയെപ്പറ്റി വിജയരാഘവന്‍ അധികം ആലോചിച്ച് തലപുണ്ണാക്കേണ്ട. മാസങ്ങള്‍ക്ക് മുമ്പ് രമ്യ ഹരിദാസെന്ന ഞങ്ങളുടെ കൂടപ്പിറപ്പിനെ പറഞ്ഞതിന് വിജയരാഘവനും പാര്‍ട്ടിക്ക് ജനം നല്‍കിയ മറുപടിയെങ്കിലും ഓര്‍ത്താല്‍ നല്ലത്.

ഇപ്പോഴത്തെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റിന്റെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെയും പ്രായം എത്രയെന്ന് ആത്മപരിശോധന നടത്തിയിട്ട് മതി ഞങ്ങളുടെ സംഘടനാ കാര്യത്തില്‍ തലയിടാന്‍.

വിദ്യാര്‍ത്ഥികളുടെ അവകാശ പ്രക്ഷോഭത്തിന് എന്നും കരുത്തേകി കൂടെ നില്‍ക്കുന്ന ഞങ്ങളുടെ വൈകാരികാവേശമായ ശ്രീ.ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കാന്‍ വിജയരാഘവന് എന്ത് യോഗ്യതയാണുള്ളത്?

സമരത്തില്‍ പങ്കെടുക്കുന്നത് മീന്‍കച്ചവടക്കാരാണെന്ന ദുരുപദിഷ്ട പരാമര്‍ശവും വിജയരാഘവന്റെ ഭാഗത്തു നിന്ന് കണ്ടു. മീന്‍കച്ചവടക്കാരെന്താണ് സാമൂഹ്യ ദ്രോഹികളോ? കേരളത്തിന്റെ സൈന്യമെന്ന് കഴിഞ്ഞ പ്രളയകാലത്ത് വിശേഷിപ്പവരുടെ ഭാഗമാണവര്‍. അവരെയാണ് വിജയരാഘവനെപ്പോലൊരാള്‍ ആക്ഷേപിക്കുന്നത്. ഇങ്ങനെ നിലവാരം കുറഞ്ഞ പരാമര്‍ശം നടത്താന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ത് തൊഴിലാളിവര്‍ഗാധിഷ്ഠിത പ്രസ്ഥാനത്തിലാണ് മി്സ്റ്റര്‍?

കെ.എസ്.യുവിന്റെ സമരത്തില്‍ പങ്കെടുക്കുന്നത് കെ.എസ്.യുക്കാര്‍ മാത്രമാണ്. നിങ്ങളെപ്പോലെ മറ്റ് വര്‍ഗ ബഹുജന സംഘടനകളില്‍ നിന്ന് കടംമേടിച്ച് ആളെക്കൂട്ടേണ്ട ഗതികേടൊന്നും കെ.എസ്.യുവിന് അന്നും ഇന്നുമില്ല. വിജയരാഘവനല്ല, പിണറായി വന്ന് കണ്ണുരുട്ടിയാലും ഈ പോരാട്ടം അവകാശങ്ങള്‍ നേടും വരെ തുടരും. അവകാശ പോരാട്ടവീഥിയില്‍, സി.പി.എംഎസ്.എഫ്.ഐ ക്രിമിനലുകള്‍ ക്രൂരമായ് കൊലപ്പെടുത്തിയ കെ.എസ്.യുവിന്റെ രക്തസാക്ഷികള്‍ പയ്യന്നൂരിലെ സജിത്ത് ലാലിന്റെയും, ഫ്രാന്‍സിസ് കരിപ്പായിയുടെയും ഉള്‍പ്പെടെ ശുഹൈബിലൂടെ കൃപേഷിലൂടെ  ശരത് ലാലിലൂടെ തുടരുന്ന അനശ്വര രക്തസാക്ഷി സ്മരണകള്‍ ഞങ്ങളുടെ സമരവീര്യത്തെ ജ്വലിപ്പിച്ചു നിര്‍ത്തും.എത്ര ഗീബല്‍സിന്റെ സന്തതികള്‍ വന്നു കുരച്ചാലും ഞങ്ങളെ തകര്‍ക്കാനാവില്ല.

#വിജയംവരെപോരാടും

കെ.എം.അഭിജിത്ത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്