കേരളം

മോറട്ടോറിയം : ആര്‍ബിഐ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ ; വീണ്ടും കത്ത് നല്‍കാന്‍ ആലോചന ; കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടില്ലെന്ന് കൃഷിമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : കര്‍ഷക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടാനാകില്ലെന്ന റിസര്‍വ് ബാങ്ക് തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് വീണ്ടും കത്ത് അയക്കാനാണ് ആലോചന. ഇക്കാര്യം തീരുമാനിക്കുന്നതിനായി ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. 

കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടില്ല. കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. ബാങ്കുകള്‍ സര്‍ക്കാരിനോട് സഹകരിച്ചില്ലെങ്കില്‍, സര്‍ക്കാരും ബാങ്കുകളോട് സഹകരിക്കില്ല. ബാങ്കുകളുടെ ജപ്തി നടപടികളോടും സര്‍ക്കാര്‍ സഹകരിക്കില്ല. ആവസ്യമെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരിട്ട് കാണുമെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന് ആര്‍ബിഐ ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചു. ഒരു തവണ മോറട്ടോറിയം നീട്ടിയതുതന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. 

കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെയാണ് സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. കാര്‍ഷിക വായ്പയ്ക്കും കൃഷി പ്രധാന വരുമാനമാര്‍ഗമായ കര്‍ഷകരെടുത്ത എല്ലാത്തരം വായ്പകള്‍ക്കുമാണ് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മേയ് 29ന് ഉത്തരവിറക്കി. എന്നാല്‍, മാര്‍ച്ച് 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്.

കര്‍ഷകര്‍ മറ്റാവശ്യങ്ങള്‍ക്ക് എടുക്കുന്ന വായ്പയും കാര്‍ഷികവൃത്തിയില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് അടയ്ക്കുന്നത്. പ്രളയംമൂലം കഴിഞ്ഞവര്‍ഷം കൃഷി നശിച്ചതിനാല്‍ പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാനാകാതിരുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്തിനടപടികളോട് റവന്യൂ, പൊലീസ് അധികൃതര്‍ നിലവില്‍ സഹകരിക്കുന്നില്ല. അതിനാല്‍ ബാങ്കുകള്‍ ജപ്തിനടപടികള്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കയാണ്. ആര്‍ബിഐ തീരുമാനം പ്രഖ്യാപിച്ചതോടെ, ജപ്തി നടപടികള്‍ പുനരാരംഭിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി