കേരളം

സ്‌കൂള്‍ ഉച്ചഭക്ഷണത്തിലെ ഷിഗല്ല വൈറസ്; കര്‍ശന നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ല വൈറസാണെന്ന് കണ്ടെത്തിയതോടെ കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. മരണത്തിന് കാരണമാകുന്നതാണ് ഭക്ഷണത്തിലെ  ഷിഗല്ല വൈറസ് ബാധ. സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും ഏത് ഭക്ഷണ സാധനങ്ങളില്‍ നിന്നാണ് ഇതുണ്ടായതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. 

റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ നിന്നുള്ള പരിശോധന ഫലം പൂര്‍ണമായും എത്തിയാല്‍ മാത്രമേ ബാക്ടീരിയ ബാധയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഇതില്‍ പരിശോധനയ്ക്കയച്ച വെള്ളത്തിന്റെ ഫലം മാത്രമാണ് വന്നത്. ഇതില്‍ കോളിഫോം ബാക്ടീരിയയുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇ.കോളിയില്ല. അതുകൊണ്ട് മറ്റ് ഫലം കൂടി വന്നാല്‍ മാത്രമേ വിഷബാധയ്ക്ക് കാരണമായത് എന്താണെന്ന് പറയാന്‍ കഴിയൂവെന്ന് ഡി.എം.ഒ  പറഞ്ഞു. 

അതത് സ്‌കൂളുകളിലെ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിക്കാണ് ഭക്ഷണ വിതരണത്തിന്റെ പൂര്‍ണ ചുമതല. പി.ടി.എ പ്രസിഡന്റ്,  സ്‌കൂള്‍ എച്ച്.എം,  വാര്‍ഡ് മെമ്പര്‍, രണ്ട് അധ്യാപകര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് വിദ്യാര്‍ത്ഥി, പ്രതിനിധി തുടങ്ങി അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ഉച്ചഭക്ഷണ കമ്മിറ്റി. കമ്മിറ്റിയില്‍ നോഡല്‍ ഓഫീസറായി തെരഞ്ഞെടുക്കുന്ന അധ്യാപകനായിരിക്കും ഭക്ഷണവിതരണത്തിന്റെ ഉത്തരവാദിത്തം. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം ഭക്ഷണവിതരണം. ഇതിനായി പാചകം ചെയ്യാനുപയോഗിക്കുന്ന വെള്ളം, പാത്രങ്ങള്‍, അരി, മറ്റ് ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണം. കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ധാന്യങ്ങളും പച്ചക്കറികളും പാചകത്തിന് ഉപയോഗിക്കാവൂ. അതു പോലെ പ്രധാനമാണ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുടെ ശുചീകരണം. കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും ഗ്ലാസുകളും ഭക്ഷണവിതരണത്തിന് മുന്‍പ് ചൂട് വെള്ളം ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് പൂര്‍ണമായും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കാന്‍ പാടില്ല. 

ഇതിന് പുറമെ പാചകം ചെയ്യുന്ന ആള്‍ക്ക് ജോലി ചെയ്യുന്നതിന് കൃത്യമായ കാര്യക്ഷമത ഉണ്ടോയെന്ന കാര്യം ഉറപ്പാക്കേണ്ടതും സ്‌കൂള്‍ കമ്മിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് യോഗം അറിയിച്ചു. പാചകക്കാരുടെ പ്രായം, ശാരീരിക ക്ഷമത, അസുഖങ്ങള്‍ എന്നിവ പ്രത്യേകം പരിഗണിക്കപ്പെടണം. സ്‌കൂളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം സംബന്ധിച്ച് ഫുഡ് ഓഡിറ്റ് നടത്തി മുഴുവന്‍ കാര്യങ്ങളും സ്‌കൂള്‍ കമ്മിറ്റി കൃത്യമായി രേഖപ്പെടുത്തി വയ്ക്കണം. തുടര്‍ന്ന് എ.ഇ.ഒയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ഈ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. 

സ്‌കൂളുകളില്‍ പരിശോധനയ്ക്കായി എത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും  ഭക്ഷ്യസുരക്ഷ ജീവനക്കാര്‍ക്കും, ആവശ്യപ്പെടുന്ന പക്ഷം ഓഡിറ്റ്  വിവരങ്ങള്‍ കൈമാറണം. ഭക്ഷണ വിതരണത്തില്‍ അപാകതയുണ്ടായാല്‍ നോഡല്‍ ഓഫീസര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം കര്‍ശന നടപടിയെടുക്കുന്നതിനും യോഗം നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അഞ്ച് മിനിറ്റ്, അത്രയും മതി! കടുപ്പം കൂട്ടാൻ ചായ അധിക നേരം തിളപ്പിക്കരുത്, അപകടമാണ്

പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍