കേരളം

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്തണം; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇളവുകളില്‍ വ്യക്തത വരുത്താന്‍ ചീഫ് സെക്രട്ടറി ടോം ജോസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വാഹനനിയന്ത്രത്തില്‍ വരുത്തിയ ഇളവുകളെ കുറിച്ച് വ്യക്തത വരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മാര്‍ഗനിര്‍ദേശം ലംഘിച്ച് നിയന്ത്രണത്തില്‍ ഇളവ് നല്‍കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തോട് വിശദീകരണം തേടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

അതിനിടെ, നിയന്ത്രണത്തില്‍ ഇളവ് വരുത്തി പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചു. മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കിയ ഉത്തരവ് പുറത്തിറക്കാനാണ് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് സംസ്ഥാനം ഇളവുകള്‍ അനുവദിച്ചത്. കേന്ദ്രം നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ കാരണമാണെന്നും മന്ത്രി പറഞ്ഞു. 
 മറുപടി നല്‍കുന്നതിലൂടെ തെറ്റിദ്ധാരണ പരിഹരിക്കാനാകും. കേന്ദ്ര നിലപാടും സംസ്ഥാന സര്‍ക്കാര്‍ നിലപാടും ഒരേ പാളത്തിലൂടെ സഞ്ചരിക്കുന്നവയാണ്. യാതൊരു തരത്തിലുള്ള ഭിന്നതയും ഇതിലില്ലെന്ന് മന്ത്രി വിശദീകരിച്ചു.

ഇളവുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കഴിഞ്ഞരാത്രി സംസാരിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കും.  പ്രത്യേകിച്ച് കേരളത്തിന് എന്തെങ്കിലും ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ ഉടന്‍ തന്നെ ഇ-മെയില്‍ അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടന്‍ തന്നെ ചെയ്യുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേന്ദ്രവുമായി ചര്‍ച്ച ചെയ്താണ് കേരളം നടപടി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ആശങ്കയോ, മുന്നറിയിപ്പോ ഒന്നുമില്ല. ഓരോ സ്‌പെസിഫിക്ക് കേസിലും നമ്മള്‍ ചില ടേം ഉപയോഗിക്കും. ഒരു ടെര്‍മിനോളജി എന്നതില്‍ കവിഞ്ഞ് അതിനകത്ത് വേറൊന്നും കാണുന്നില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേരളം മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്തുവെന്ന കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്തിലെ പരാമര്‍ശത്തോട് ചീഫ് സെക്രട്ടറി പ്രതികരിച്ചു.

ലോക്ക്ഡൗണ്‍ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ 15ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം കേരളം തെറ്റിച്ചെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു. കേരളത്തില്‍ ബാര്‍ബര്‍ഷോപ്പുകളും ഹോട്ടലുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. പുസ്തകശാലകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്