കേരളം

മന്ത്രി പൊട്ടിത്തെറിക്കേണ്ട കാര്യമില്ല ; ഐസക്കിനെ തള്ളി കാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐയും. വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ മന്ത്രിമാരെ അറിയിക്കാറില്ല. മന്ത്രി പൊട്ടിത്തെറിക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 

സാധാരണ ഗതിയില്‍ വിജിലന്‍സ് പരിശോധന നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത് എന്നും കാനം പറഞ്ഞു. അങ്ങനെയെങ്കില്‍ മന്ത്രി വികാരപരമായി പ്രതികരിച്ചത് എന്തിനെന്ന ചോദ്യത്തിന്, അക്കാര്യം മന്ത്രിയോട് തന്നെ ചോദിക്കൂ എന്ന് കാനം മറുപടി പറഞ്ഞു. 

കെഎസ്എഫ്ഇ റെയ്ഡിനെക്കുറിച്ച് രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം മുഖപ്രസംഗം എഴുതിയിരുന്നു. ഇക്കാര്യം ഉന്നയിച്ചപ്പോള്‍, മാതൃഭൂമിയും മലയാള മനോരമയും എഴുതിയിട്ടുണ്ട് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. 

അവരെല്ലാം പങ്കുവെച്ചത് കെഎസ്എഫ്ഇ പോലെയൊരു സ്ഥാപനത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചാണ്. ഇടതുമുന്നണിയുടെ നേതാവാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് തെറ്റാണെന്ന് നിങ്ങള്‍ പറയരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്ന റെയ്ഡ് എന്നാണ് വിജിലന്‍സ് നടപടിയെ സിപിഐ മുഖപത്രം ജനയുഗം എഡിറ്റോറിയലില്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്നുനല്കുന്ന സംഭവമായി കെഎസ്എഫ്ഇയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ സംഘടിത റെയ്ഡ് എന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്നതും ഇടപാടുകാരുടെ വിശ്വാസ്യത ആര്‍ജിച്ചിട്ടുള്ളതുമായ പൊതുമേഖലാ ധനകാര്യ സ്ഥാപനത്തില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് സര്‍ക്കാരിലും പൊതുജനങ്ങള്‍ക്കിടയിലും ഞെട്ടല്‍ ഉളവാക്കിയതില്‍ അത്ഭുതമില്ല. സംസ്ഥാനത്ത് നടന്നുവരുന്ന മറ്റ് പല അന്വേഷണങ്ങളും പോലെ ഈ റെയ്ഡിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന സംശയവും പ്രസക്തമാണ്. 

ഇടപാടുകാര്‍ക്ക് സുരക്ഷിതമായ സമ്പാദ്യ സാധ്യതയും വായ്പാ സൗകര്യവും ഉറപ്പുനല്കുന്നതിനു പുറമെ സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങള്‍ക്ക് പിന്തുണ നല്കാനും സ്ഥാപനത്തിന് കഴിയുന്നുണ്ട്. പ്രവാസി ചിട്ടി, നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ലാപ്‌ടോപ് ലഭ്യമാക്കുന്ന പദ്ധതി എന്നിവ കെഎസ്എഫ്ഇയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണങ്ങളാണ്. ജനയുഗം എഡിറ്റോറിയലില്‍ വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍