കേരളം

എസ്ഡിപിഐയെ പറയുമ്പോള്‍ കോണ്‍ഗ്രസിന് പൊള്ളുന്നത് വെറുതെയല്ല; യുഡിഎഫിന്റെ ഘടക കക്ഷിയാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്: എ എ റഹീം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ നിയമസഭയില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. എസ്ഡിപിഐയെ പറയുമ്പോള്‍ കോണ്‍ഗ്രസിന് പൊള്ളുന്നത് വെറുതെയല്ല, രൂപീകരണ കാലം മുതല്‍ പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫിന്റെ ഉറ്റമിത്രമാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ ബന്ധം പ്രകടമാണ്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി പരസ്യമായിത്തന്നെ രാഷ്ട്രീയ സൗഹൃദം പ്രകടിപ്പിച്ചു തുടങ്ങിയെന്ന് റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എസ്ഡിപിഐയെ യുഡിഎഫിന്റെ ഘടക കക്ഷിയാക്കാനുള്ള ശ്രമം ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. സമൂഹം ഒറ്റക്കെട്ടായി അകറ്റി നിര്‍ത്തേണ്ട പോപ്പുലര്‍ ഫ്രണ്ടിനെ പത്ത് വോട്ടിനു വേണ്ടി മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ട് വരികയാണ് യുഡിഎഫെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി  പറഞ്ഞു. എന്നാല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടച്ച് നില്‍ക്കാന്‍ പൊലീസിന് കഴിയില്ലെന്നും പിണറായി വ്യക്തമാക്കി. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയാരിരുന്നു പിണറായി.

സംസ്ഥാനത്ത് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിട്ടുണ്ട്. അതെല്ലാം തികച്ചും സമാധാനപരമായി ആയിരുന്നു. എന്നാല്‍ എസ്ഡിപിഐ എന്ന സംഘടന ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തീവ്രവാദസംഘങ്ങള്‍ സമരം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐക്കെതിരെയും തീവ്രവാദസംഘങ്ങള്‍ക്കെതിരെയും കേസെടുക്കുന്നതില്‍ എന്തിനാണ് പ്രതിപക്ഷം വിറളി പിടിക്കുന്നത്. അവര്‍ എല്ലായിടത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടത്തിട്ടില്ല. ജാമ്യമില്ലാ വുകുപ്പ് പ്രകാരം കേസ് എടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഡിപിഐ പിന്തുണ പ്രതിപക്ഷത്തിന് വേണ്ടെന്നും അവരുമായി സഖ്യമുണ്ടാക്കിയവര്‍ ആരാണെന്നും പൊതുജനത്തിന് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്