കേരളം

പട്ടാപ്പകല്‍ യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം; ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനമേറ്റ മാരായമുട്ടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

പത്തുദിവസങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരി മൂന്നിനാണ് സംഭവം. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന് മുന്‍പില്‍ വച്ച് പട്ടാപ്പകലാണ് ജയനെ സുരേഷും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ബൈക്കില്‍ എത്തിയ സംഘം ജയനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ബൈക്കില്‍ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും തൊട്ടുപിന്നാലെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കയ്യില്‍ ഉണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് നിലത്തുവീണ് കിടന്ന ജയനെ സുരേഷ് തുടര്‍ച്ചയായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

സുരേഷിന്റെ സഹോദരന്‍ ബാങ്ക് പ്രസിഡന്റായിരുന്ന മുന്‍ ഭരണസമിതിക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് ജയന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷിന്റെ നേതൃത്വത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ജയന്‍ തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുരേഷ് എവിടെ ആണെന്ന് കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'