കേരളം

ഹാള്‍ടിക്കറ്റിലെ കൈയ്യക്ഷരം മകളുടേത് അല്ല, സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം; പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് അഞ്ജുവിന്റെ പിതാവ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതരുടെ വാദങ്ങള്‍ തളളി കുടുംബം. ബി.കോം വിദ്യാര്‍ഥിനി അഞ്ജു പി ഷാജി കോപ്പിയടിച്ചതായുളള കോളജ് അധികൃതരുടെ വാദമാണ് കുടുംബ തളളിയത്. തന്റെ മകള്‍ ഒരിക്കലും കോപ്പിയടിക്കില്ല എന്ന് പറഞ്ഞ അച്ഛന്‍ കോളജിന്റെ പീഡനം സഹിക്കാന്‍ വയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പ്രിന്‍സിപ്പലിനും സാറിനും എതിരെ കൊലക്കുറ്റം ചുമത്തണം. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഹാള്‍ടിക്കറ്റിലെ കൈയ്യക്ഷരം മകളുടെതല്ല. ഇതില്‍ കൃത്രിമം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് കാണിച്ചതെന്നും പിതാവ് ആരോപിച്ചു. പൊലീസ് അന്വേഷണത്തിലും വിശ്വാസമില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് പാല ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജിന് മൂന്ന് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

അഞ്ജു പി ഷാജി പരീക്ഷയ്ക്ക് കോപ്പിയടിച്ചതായി  ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോളജ് അധികൃതര്‍ ആരോപിച്ചിരുന്നു. ഹാള്‍ടിക്കറ്റിന്റെ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നുവെന്നും ഹാള്‍ടിക്കറ്റ് കാണിച്ചുകൊണ്ട് കോളജ് അധികൃതര്‍ വാദിച്ചു. ഇത് അവര്‍ തന്നെ എഴുതിപിടിപ്പിച്ചതാണെന്ന് പിതാവ് ആരോപിച്ചു. കുട്ടിയുടെ ബുക്ക് മാധ്യമപ്രവര്‍ത്തകരെ കാണിച്ചതാണ്. ഹാള്‍ ടിക്കറ്റിലെ കൈയ്യക്ഷരം കുട്ടിയുടേത് അല്ലെന്നും പിതാവ് ആരോപിച്ചു.

കോളജ് ഇന്നലെ കാണിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. യഥാര്‍ത്ഥ വീഡിയോ ഇതല്ല. കുട്ടിയെ കാണാതായപ്പോള്‍ വീഡിയോ അന്വേഷിച്ച് കോളജിനെ സമീപിച്ചിരുന്നു. കോളജില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് കോളജ് അധികൃതര്‍ അന്ന് പറഞ്ഞത്. പിന്നീട് എങ്ങനെ വീഡിയോ പുറത്തുവന്നുവെന്നും പിതാവ് ചോദിച്ചു. കുട്ടിയുടെ പേപ്പറുകള്‍ എല്ലാം കൈവശമുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. എങ്കില്‍ കോളജ് അധികൃതര്‍ക്ക് എങ്ങനെ ഹാള്‍ടിക്കറ്റ് കിട്ടിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പിതാവ് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വംശീയ പരാമര്‍ശം വിവാദമായി, സാം പിത്രോദ രാജിവെച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ