കേരളം

വധു വരന്‍മാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; ഏഴ് ദിവസം തങ്ങാം; കൂടുതല്‍ ഇളവുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ക്വാറന്റൈനില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹത്തിനെത്തുന്ന വധുവരന്‍മാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട. ഇവര്‍ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ആയ അഞ്ച് പേര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഇവര്‍ക്ക് ഏഴ് ദിവസം സംസ്ഥാനത്ത് താമസിക്കുകയും ചെയ്യാം. ഇവര്‍ വിവാഹാവശ്യത്തിന് എത്തുന്നതിന് മുന്‍പായി വിവാഹക്കുറി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വിവാഹചടങ്ങുകളില്‍ അല്ലാതെ മറ്റൊരു ചടങ്ങുകളിലും ഇവര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മറ്റ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് പുതിയ ഇളവുകളില്‍ പറയുന്നു.

വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നേരത്തെ ക്വാറന്റൈനില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ബിസിനസ്, ഔദ്യോഗിക, വ്യാപാര, ചികിത്സാ, കോടതി, വസ്തു വ്യവഹാരം പോലുള്ള ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് ഇളവുകള്‍്. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍, പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇളവ് അനുവദിക്കുന്നത്. ഇവര്‍ കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ നിന്നും പാസെടുക്കണം. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ എട്ടാം ദിവസം സംസ്ഥാനം വിടണം. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി 14 ദിവസത്തിനകം കോവിഡ് ബാധിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം.

പരീക്ഷകള്‍ക്കായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും വരുന്നവര്‍ ഈ ആവശ്യം നടത്തേണ്ട തീയതിക്ക് മുമ്പ് മൂന്ന് ദിവസവും ശേഷം മൂന്ന് ദിവസവും സംസ്ഥാനത്ത് തങ്ങാന്‍ അനുവാദമുണ്ട്.സന്ദര്‍ശകര്‍ തങ്ങളുടെ പ്രാദേശിക യാത്രാ വിവരങ്ങളും യാത്രയുടെ ഉദ്ദേശവും എവിടെയാണ് താമസിക്കുന്നതെന്നും പ്രാദേശികമായി ബന്ധപ്പെടേണ്ട ആളുകളുടെ വിവരങ്ങളും നല്‍കണം. ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ തക്കതായ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് അധികൃതരെ വിവരം അറിയിക്കണം.

സന്ദര്‍ശകന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രാദേശികമായി ബന്ധപ്പെടുന്ന വ്യക്തി, കമ്പനി, സ്ഥാപനം, സ്‌പോണ്‍സര്‍ ആയിരിക്കും. സന്ദര്‍ശകന്‍ നേരിട്ട് ഹോട്ടലിലോ താമസിക്കുന്ന ഇടത്തോ പോകണം. മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടില്ല. യാത്രാ ഉദ്ദേശവുമായി ബന്ധപ്പെട്ട് അനുവാദം ലഭിച്ചിട്ടില്ലാത്ത വ്യക്തികളുമായി കൂടിക്കാഴ്ച പാടില്ല. ആശുപത്രിയിലോ പൊതു സ്ഥലങ്ങളിലോ സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നും നേരത്തെ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്