കേരളം

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനെതിരെ തെളിവ്, അറസ്റ്റിന് അനുമതി തേടി കസ്റ്റംസ് കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേര്‍ത്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി.

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു പങ്കുള്ളതായി തെളിവു ലഭിച്ചെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കസ്റ്റംസ് പറയുന്നു. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കര്‍ ആണെന്ന് ഇഡി നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നെങ്കിലും കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ പ്രതിയായിരുന്നില്ല.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും ശിവശങ്കര്‍ പ്രതിയല്ല. 35 പേരെയാണ് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ എന്‍ഐഎ പ്രതി ചേര്‍ത്തിട്ടുള്ളത്. യുഇഎ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഫരീദ് ആണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശിവശങ്കറിനെ ഇതുവരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താനായിട്ടില്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. യുഎപിഎ ചുമത്തിയ ഭീകരവാദ കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതില്‍ ശിവശങ്കറിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. തെളിവില്ലാതെ ഭീകരവാദ കേസില്‍ ഒരാളെ പ്രതി ചേര്‍ക്കാനാവില്ലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണം തുടരുകയാണെന്നും, ഇഡി കോടതിയില്‍ ഉന്നയിച്ച വാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതാണെന്നാണ് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് ലൈഫ് മിഷന്‍ കരാര്‍ നല്‍കിയതിലെ കമ്മിഷന്‍ ആണെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. ഈ പണം ശിവശങ്കറിനുള്ളതാണെന്നും ഇഡിക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ പറഞ്ഞു. എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കു വിരുദ്ധമാണ് ഇതെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ ബി രാമന്‍ പിള്ള കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്