കേരളം

'ഞാന്‍ ബീച്ചിലുണ്ട്, വേഗം വരണം' എന്ന് പ്രണവിന് കാമുകിയുടെ സന്ദേശം; പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി കെണിയൊരുക്കി സംഘം ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : വൈപ്പിന്‍ ചെറായി പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ യുവാവ് അടിയേറ്റുമരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ പിടിയിലായി. എടവനക്കാട് ഇല്ലത്തുപടി പാലക്കല്‍ ജിത്തൂസ് (19), കുഴിപ്പിള്ളി തുണ്ടിപ്പുറം മുല്ലപ്പറമ്പ് ശരത് (19) എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് അയ്യമ്പിള്ളി സ്വദേശി അമ്പാടി (19)യെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 

ചെറായി കല്ലുമഠത്തില്‍ പ്രണവ് ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ പള്ളത്താംകുളങ്ങര ബീച്ചിലേക്കുള്ള റോഡില്‍ അടിയേറ്റുമരിച്ചത്. ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി, കൊലയാളി സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തില്‍ ആയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. പെണ്‍കുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാന്‍ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു. 

കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ചാണ്, മരിച്ച പ്രണവ് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. 'ഞാന്‍ ബീച്ചിലുണ്ട്. വേഗം എത്തണമെന്നായിരുന്നു' സന്ദേശം. യുവതിയുടെ പേരിലുണ്ടാക്കിയ സമൂഹമാധ്യമ പേജില്‍ നിന്നാണ് പ്രണവിന് സന്ദേശം ലഭിച്ചത്.  അതിരാവിലെ ഇറങ്ങിപ്പോകുന്നതു കണ്ട് അമ്മ പ്രണവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചെങ്കിലും ഒരാള്‍ വിളിച്ചെന്നും ഉടനെ വരുമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

യുവതി വിളിച്ചാല്‍ ഏതു രാത്രിയിലും പ്രണവ് ഇറങ്ങി വരുമെന്ന് അറിയാമായിരുന്ന ശരത്തും സംഘവും ആദ്യം പെണ്‍കുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പെണ്‍കുട്ടിയെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട എന്നതിനാല്‍ യുവതിയുടെ പേരില്‍ വ്യാജമായി അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു. അര്‍ധരാത്രി പ്രണവിനെ സമൂഹമാധ്യമത്തിലൂടെ വിളിച്ച് ഉണര്‍ത്തി ചാറ്റ് ചെയ്ത് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പ്രതികളും മരിച്ച പ്രണവും നേരത്തെ പരിചയക്കാരായിരുന്നു. കാമുകി ആവശ്യപ്പെട്ടത് അനുസരിച്ച് ഇറങ്ങി വന്ന പ്രണവിനെ കാത്തുനിന്ന സംഘം ശീമക്കൊന്നയുടെ വടി ഉപയോഗിച്ച് അടിച്ച് വകവരുത്തുകയായിരുന്നു. തലയ്‌ക്കേറ്റ അടി ഗുരുതരമായതാണ് മരണകാരണം. പുലര്‍ച്ചെ നാലുമണിയോടെയാണ് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്ത് പോക്കറ്റ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്.  പ്രണവിനെ അടിക്കുന്നതിന് ഉപയോഗിച്ച വടിയും പൊട്ടിയ ട്യൂബ് ലൈറ്റും സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. 

പുലർച്ചെ 2 സുഹൃത്തുക്കൾക്കൊപ്പമാണു പ്രണവ് ബീച്ചിൽ എത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ച‌ു. പെൺകുട്ടിയുമായി സംസാരിക്കേണ്ടതിനാൽ പ്രണവിനെ ഒറ്റയ്ക്കു വിട്ടു സുഹൃത്തുക്കൾ ബീച്ചിൽ തന്നെ നിന്നുവെന്നാണ് സൂചന. ഇതിനിടെ, പ്രതികൾ സ്ഥലത്തെത്തുകയും പ്രണവുമായി തർക്കം ഉണ്ടാവുകയും ചെയ്തു.

പ്രണവിന്റെ സുഹൃത്തുക്കൾ ബഹളം കേട്ടെങ്കിലും പെൺകുട്ടിക്കൊപ്പം പിടിക്കപ്പെട്ടിട്ടുണ്ടാവുമെന്നു കരുതി ഇരുവരും തിരിച്ചു രക്തേശ്വരി ബീച്ച് വഴി ചെറായിയിലേക്കു മടങ്ങി. പിന്നീട് പ്രണവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പ്രണവിനെ ആക്രമിച്ച ശേഷം പ്രതികൾ ഒരുമിച്ചു മടങ്ങിപ്പോകുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെയും കൊണ്ട് മുനമ്പം പൊലീസ് ഇന്നലെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കൊല്ലപ്പെട്ട പ്രണവ് ആയുധം കൈവശംവച്ചതുൾപ്പെടെ 3 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത