കേരളം

ബിജെപി കേരളത്തിലെ ക്ഷേത്രങ്ങള്‍ രാഷ്ട്രീയപ്രചരണ കേന്ദ്രങ്ങളാക്കിയാല്‍ എന്തുപറയും?; ലീഗ് തീകൊള്ളി കൊണ്ട് തല ചൊറിയുന്നു; പള്ളികളെ രാഷ്ട്രീയപ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുത്; സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുസ്ലീംപള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലീംലീഗ്  ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്  സിപിഎം. വര്‍ഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണ്. സംഘപരിവാരിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചരണം നടത്താന്‍ ഇത് ഊര്‍ജ്ജം നല്‍കും. മുസ്ലീം ലീഗിന്റെ സങ്കുചിത വര്‍ഗീയ നിലപാട് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കു കയാണ്. പള്ളികള്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തലചൊറിയലാണ്. രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
  
അടുത്ത വെള്ളിയാഴ്ച ജുമാ പ്രാര്‍ത്ഥനയ്‌ക്കൊപ്പം സര്‍ക്കാരിനെതിരെ ബോധവല്‍ക്കരണം നടത്തുമെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞത്.  മുസ്ലീം ലീഗ് രാഷ്ട്രീയ പാര്‍ടി ആണെന്നും മതസംഘടനയല്ലെന്നും ഓര്‍മ്മ വേണം.  സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ മാതൃകയാണ് ഇവര്‍  കേരളത്തില്‍ നടപ്പാക്കുന്നത്. നാളെ ബിജെപി കേരളത്തിലെ  ക്ഷേത്രങ്ങള്‍  രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാല്‍ ലീഗ് അടക്കമുള്ള സംഘടനകള്‍ എന്ത് ന്യായം പറയും? ജുമാ നമസ്‌കാരത്തിനായി പള്ളിയിലെത്തുന്നവരില്‍ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ട്. അതിനാല്‍ സര്‍ക്കാരിനെതിരെ  പ്രസംഗിച്ചാല്‍ അത് ചോദ്യം ചെയ്യാനും വിശ്വാസികള്‍ മുന്നോട്ടുവരും.  ഇത് സംഘര്‍ഷത്തിന് വഴിവയ്ക്കും.  ആരാധനായങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്.  അപ്പോഴെല്ലാം  വിശ്വാസികള്‍ തന്നെയാണ് അതിനെ പ്രതിരോധിച്ചത്.  

വഖഫ് ബോര്‍ഡ് നിയമനം പി.എസ്സിക്ക് വിട്ടതാണ്  പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. ഈ പ്രശ്‌നം മുസ്ലീം മതസംഘടനകളുടെ നേതാക്കള്‍ മുഖ്യമന്ത്രിയുമായി  ചര്‍ച്ച നടത്തിയിട്ടുണ്ട്. എല്ലാവരുടേയും  ആശങ്കകള്‍ ദുരീകരിച്ചു മാത്രാമേ ഇക്കാര്യം നടപ്പിലാക്കുകയുള്ളു എന്ന് പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ മുസ്ലീം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സിപിഎം മായി കൂടുതല്‍ അടുക്കുന്നത് ലീഗിനെ അടക്കം  ഭയപ്പെടുത്തുന്നു. ഈ ഒഴുക്ക് തടഞ്ഞു നിര്‍ത്താന്‍  വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണ്. വിശ്വാസികളെ സര്‍ക്കാരിനെതിരെ ഇളക്കിവിടാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ്. മതേതര പാര്‍ടിയാണെന്ന ലീഗിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. മുസ്ലീംലീഗ് ആഹ്വാനത്തെക്കുറിച്ച്  കോണ്‍ഗ്രസ് അടക്കം യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളും അഭിപ്രായം പറയണമെന്നും സിപപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി