കേരളം

ഓർമക്കുറവിൽ റെയിൽവേ ട്രാക്കിലൂടെ നടന്ന് മകൻ; തള്ളിമാറ്റാൻ ഓടിയെത്തി അച്ഛൻ; ഇരുവരേയും ട്രെയിൻ തട്ടിത്തെറിപ്പിച്ചു; ദാരുണാന്ത്യം  

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന മകനെ രക്ഷിക്കാനുള്ള അച്ഛന്റെ ശ്രമം വിഫലമായി. ഇരുവരും ട്രെയിൻ തട്ടി മരിച്ചു. ചന്തിരൂർ വെളുത്തുള്ളി പുളിത്തറ പുരുഷൻ (57), മകൻ നിഥിൻ (28) എന്നിവരാണ് മരിച്ചത്. 

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ജനശതാബ്ദി എക്സ്പ്രസ്‌ തട്ടിയാണ് ഇരുവരും മരിച്ചത്. തീരദേശ റെയിൽപ്പാതയിൽ ചന്തിരൂർ വെളുത്തുള്ളി റെയിൽവേ ക്രോസിന് സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.

മത്സ്യത്തൊഴിലാളിയാണ് പുരുഷൻ. വെൽഡിങ്‌ തൊഴിലാളിയാണ് നിഥിൻ. മൂന്ന് വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ നിഥിൻ ഏറെനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇവരുടെ വീട് റെയിൽപ്പാളത്തിന് തൊട്ടരികിലാണ്. വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ നിഥിന് ഓർമക്കുറവുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ട്രെയിൻ വരുന്ന സമയത്ത് മകൻ റെയിൽപ്പാളത്തിലൂടെ നടക്കുന്നതു കണ്ട് പുരുഷൻ ഓടിച്ചെല്ലുകയായിരുന്നു. മകനെ തള്ളിമാറ്റാൻ‍ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ ഇരുവരെയും തട്ടിത്തെറിപ്പിച്ചു.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ശാന്തയാണ് പുരുഷന്റെ ഭാര്യ. മറ്റൊരു മകൻ: നിഷാദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ