കേരളം

സാബുവിന്റെ സമ്പാദ്യം ഒരാഴ്ച കൊണ്ട് 222 കോടി ഉയര്‍ന്നു; കിറ്റെക്‌സ് ഓഹരിയില്‍ കുതിപ്പ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളം വിട്ട് തെലങ്കാനയില്‍ നിക്ഷേപം ഇറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം ജേക്കബിന്റെ സാമ്പാദ്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായത് 222 കോടിയുടെ വര്‍ധന. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വില കുതിച്ചുയര്‍ന്നതോടെയാണ് സാബുവിന്റെ സ്വത്ത് വര്‍ധിച്ചത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ 55 ശതമാനം ഓഹരി സാബുവിനാണ്.

തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം ഇറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിന്റെ ഓഹരി വിലയില്‍ 44.26 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേക്ഷിച്ചാണ് സാബു തെലങ്കാനയിലേക്കു പോവുന്നത്. കേരളത്തില്‍ ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയാണെന്നും പരാതി ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായില്ലെന്നും ആരോപിച്ചാണ് സാബു നിക്ഷേപത്തില്‍നിന്നു പിന്‍മാറിയത്.

കിറ്റെക്‌സിന്റെ ഓഹരി വില വെള്ളിയാഴ്ച 20 ശതമാനമാണ് ഉയര്‍ന്നത്. ഇന്നലെ വീണ്ടും ഇരുപതു ശതമാനത്തിലേറെ വര്‍ധനയുണ്ടായി. 108.9 രൂപയായിരുന്ന ഓഹരി വി 168.65ലേക്കാണ് എത്തിയത്. കിറ്റെക്‌സിന്റെ മൊത്തം വിപണി മൂല്യം 1121.52 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഉണ്ടായ വര്‍ധന 408.32 കോടി. 

കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപമിറക്കില്ലെന്ന് തെലങ്കാനയില്‍ തിരിച്ചെത്തിയ ശേഷം സാബു പറഞ്ഞിരുന്നു. വ്യവസായ സൗഹൃദത്തിന് സിംഗിള്‍ വിന്റോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണെന്ന് സാബു കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍ എന്തുനടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനൊ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സാബു പറഞ്ഞു.

നിരവധിയാളുകള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും പോകുന്നുണ്ട്. കേരളം മാറേണ്ടതുണ്ട്. കേരളമാണ് തങ്ങളെ വളര്‍ത്തിയത്. പക്ഷേ അതുപറയുമ്പോഴും 53വര്‍ഷമായി കേരളത്തില്‍ വ്യവസായം നടത്താന്‍ തങ്ങള്‍ എടുത്ത പ്രയത്‌നം മറ്റു സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍ ഇതിലും വലിയ ലാഭമുണ്ടായേനെ എന്നും സാബു പറഞ്ഞു.

തെലങ്കാനയില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്. ഇലക്ട്രിസിറ്റി മുടങ്ങില്ല. ആവശ്യത്തിന് വെള്ളം കിട്ടും. ഗതാഗത സംവിധാനങ്ങളുണ്ട്. അധിക ചെലവ് സര്‍ക്കാര്‍ വഹിക്കും. അതാണ് ആ സര്‍ക്കാരിന്റെ ശക്തി. മാലിന്യം പുറത്തേക്ക് വിടുന്നു എന്നാണ് ഫാക്ടറിയെ പറ്റിയുള്ള ആരോപണം. ലോകത്തിലെ ഉയര്‍ന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. മാലിന്യ സംസ്‌കരണം ഏറ്റെടുക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ വാക്കു തന്നതായും സാബു അവകാശപ്പെട്ടു.

കേരളത്തില്‍ 30 ദിവസത്തിനുളളില്‍ 11 റെയ്ഡ് നടത്തി. അങ്ങനെയൊരു സംഭവം നടക്കില്ലെന്ന് ഉറപ്പുതന്നു. പരിശോധനയുടെ പേരില്‍ ഒരു ഉദ്യോഗസ്ഥനും കയറി ഇറങ്ങില്ല. ഇനി പരിശോധനകള്‍ നടത്തുന്നെങ്കില്‍ തന്നെ മന്ത്രിയുടെ അനുമതിയോടെ മാത്രമേ ഉണ്ടാകുള്ളുവെന്ന് ഉറപ്പുനല്‍കി. പരിശോധനയില്‍ അപാകതകള്‍ കണ്ടാല്‍ അത് സര്‍ക്കാരുമായി ചേര്‍ന്ന് പരിഹരിക്കുമെന്നും ഉറപ്പുതന്നു.

വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പെരുമഴയാണ് തെലങ്കാന നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളും അങ്ങനെയാണ്. മുടക്കുമുതലിന്റെ 70 ശതമാനം മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ ഏഴെട്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ചു നല്‍കുന്നു. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതല്‍ 900 കോടിവരെ തിരിച്ചു തരുമെന്നും സാബു അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'