കേരളം

വോട്ട് കാലത്ത് കുടിച്ച് 'ആറാടാനാകില്ല', ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, അസാധാരണമായ മദ്യ ഉപഭോഗവും വില്‍പ്പനയും തടയാന്‍ അധികൃതര്‍. തെരഞ്ഞെടുപ്പ് കാലത്ത് മദ്യത്തിന്റെ ഉപഭോഗവും വില്‍പനയും സാധാരണയെക്കാള്‍ 30 ശതമാനത്തിലധികം ഉണ്ടാകുന്ന സ്ഥലങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. വോട്ടിനു മദ്യം നല്‍കുന്ന പ്രവണതയുണ്ടെന്ന ഇന്റലിജന്‍സ് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സ്ഥലങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി കേസെടുക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി എസ് ആനന്ദകൃഷ്ണന്‍ നിര്‍ദേശിച്ചു. 

മുഴുവന്‍ മദ്യവില്‍പനശാലകളിലെയും ദിവസ വില്‍പനയെക്കുറിച്ചും എക്‌സൈസ് ഇന്റലിജന്‍സ് സംഘങ്ങള്‍ കമ്മീഷനു റിപ്പോര്‍ട്ടു നല്‍കും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പ്രത്യേക നീരിക്ഷണത്തിനും സംവിധാനമുണ്ട്. വോട്ടെടുപ്പ് കഴിയുന്നതുവരെ അതീവജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 

സംസ്ഥാനത്തേക്കു കൂടുതല്‍ സ്പിരിറ്റ് കടത്ത് നടക്കുന്ന പാലക്കാട് വേലന്താവളം, മീനാക്ഷിപുരം, ഗോപാലപുരം ചെക്‌പോസ്റ്റുകളും 50 ഊടുവഴികളിലും കൂടുതല്‍ സേനാംഗങ്ങളെ നിയമിക്കും. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് കൂടുതല്‍ പട്രോളിങ് ആരംഭിക്കും. ഒരാള്‍ക്ക് 3 ലിറ്റര്‍ മദ്യത്തിലധികം നല്‍കുന്ന ബവ്‌റിജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍ എന്നിവയ്‌ക്കെതിരെ കേസെടുക്കും.

സ്പിരിറ്റ് വരവു തടയാന്‍ വനം, പൊലീസ്, എക്‌സൈസ് സംയുക്ത പരിശോധന സജീവമാക്കി. വ്യാജമദ്യം, സ്പിരിറ്റ് കടത്തു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ തമിഴ്‌നാട്ടിലും കേരളത്തിലും പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചതായി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!