കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നു; സെക്കൻഡിൽ 772 ഘനയടി വെള്ളം പുറത്തേക്ക്; പെരിയാര്‍ തീരത്ത് ജാഗ്രത

സമകാലിക മലയാളം ഡെസ്ക്


കുമളി: നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാം വീണ്ടും തുറന്നത്. ഡാമിലെ മൂന്ന്, നാല് ഷട്ടറുകളാണ് രാവിലെ എട്ടുമണിയ്ക്ക് തുറന്നത്. രണ്ടു ഷട്ടറുകള്‍ തുറന്ന് 772 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്. 

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടരുന്ന കനത്ത മഴയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരാന്‍ കാരണം. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കെഎസ്ഇബി അറിയിച്ചു. 

ഇടുക്കിയും തുറക്കുന്നു

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി അണക്കെട്ടും തുറക്കും. രാവിലെ 10 ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 40 ക്യുമെക്‌സ് നിരക്കില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

10 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഇടുക്കി ഉള്‍പ്പെടെ 10 ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,  തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍  മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. 

ഉരുള്‍ പൊട്ടല്‍ മുന്നറിയിപ്പ്

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണെങ്കിലും തീവ്രമഴ മുന്നറിയിപ്പിന് ( ഓറഞ്ച് അലര്‍ട്ട്) സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ