കേരളം

ഇടുക്കിയിൽ റെഡ് അലർട്ട്; 10.55 ന് സൈറൺ മുഴക്കും, ആദ്യം തുറക്കുന്നത് മൂന്നാമത്തെ ഷട്ടർ  

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇന്ന് രാവിലെ 11മണിക്ക് ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറൺ മുഴക്കും. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടർ തുറക്കുന്നത്. ആദ്യം മൂന്നാമത്തെ ഷട്ടർ ആണ് ഉയർത്തുന്നത്. 

ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തുമെന്ന് ജില്ല ഇൻഫോർമേഷൻ ഓഫീസർ അറിയിച്ചു.  ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

പെരിയാറിലെ ജലനിരപ്പ് ഉയരും

ഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4 - 6 മണിക്കൂറിനുള്ളിൽ കാലടി - ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്.

ഷട്ടർ തുറന്നാൽ...

ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും.എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽ ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ചൂടല്ലേ... അല്‍പം സംരക്ഷണം കണ്ണിനും ആകാം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി