കേരളം

'ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോ'; വി മുരളീധരന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുരളീധരന്റേത് നിഷേധാത്മക സമീപനമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യപരമായ ചര്‍ച്ച നടത്തിയതാണ്. ഒരു മന്ത്രി ഇത്ര നിഷേധാത്മക സമീപനം എങ്ങനെ സ്വീകരിക്കുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചു. രണ്ടാം പിണറായി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ജനങ്ങളുടെ മനോഭാവം മന്ത്രി നേരിട്ടറിഞ്ഞു. ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോ' എന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിന് എതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. നാട് സന്തോഷിക്കുമ്പോള്‍ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്തെന്നും പിണറായി പറഞ്ഞു. 

സര്‍വ തല സ്പര്‍ശിയായ വികസനമാണ് കേരളം കണ്ടത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ല. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം വെട്ടി കുറയ്ക്കുന്നു. പ്രതിപക്ഷത്തിന് ശബ്ദിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കണമെന്ന് പ്രതിപക്ഷം പറഞ്ഞോ? രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങനെ എംപിയായവര്‍ പാര്‍ലമെന്റില്‍ പോയി ഒന്നും സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തില്‍ 62,000 കോടി രൂപയുടെ കിഫ്ബി പദ്ധതി തയ്യാറാക്കി കഴിഞ്ഞു. നാടിന്റെ വികസനത്തിന് ഒരു പക്ഷപാതവും എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചില്ല. പദ്ധതികള്‍ അനുവദിക്കുന്നതില്‍ എല്‍ഡിഎഫ്, യുഡിഎഫ് എന്ന വേര്‍തിരിവ് കണ്ടില്ല. പ്രതിപക്ഷം എല്ലാത്തിനെയും എതിര്‍ക്കുകയാണ്. പ്രതിപക്ഷ എതിര്‍പ്പ് നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ടൂറിസം വികസനത്തില്‍ ജലപാത നിര്‍ണായകമാണ്. നാടിനെ നവീകരിക്കുക എന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. യൂണിവേഴ്സിറ്റികളില്‍ 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ ഉണ്ടാക്കും. 250 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ മുറികളും പണിയും. നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മെച്ചപ്പെടുമ്പോള്‍ വിദേശങ്ങളില്‍ നിന്ന് കുട്ടികള്‍ പഠിക്കാന്‍ വരും. 20 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ കഴിയും വിധമാണ് യുവാക്കള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ