കേരളം

'പിതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചിരുന്നുവെങ്കില്‍ ജപ്തി തല്‍ക്കാലം ഒഴിവാക്കിയേനെ, എംഎല്‍എ ക്രിയേറ്റ് ചെയ്ത സീന്‍'; ന്യായീകരിച്ച് ഗോപി കോട്ടമുറിക്കല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂവാറ്റുപുഴ പായിപ്രയില്‍ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്ക് നടപടിയില്‍ വിശദീകരണവുമായി കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍. ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് അപ്രതീക്ഷിത നടപടിയല്ലെന്ന് ഗോപി കോട്ടമുറിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നിയമപരമായ നടപടികള്‍ മാത്രമാണ് ബാങ്ക് സ്വീകരിച്ചതെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. കോടതിയുടെ അനുമതിയോടെ പൊലീസിന്റെ സഹായത്തോടെയാണ് നടപടി സ്വീകരിച്ചത്. കോടതിയുടെ കടലാസ് ഒരാഴ്ച മുന്‍പ് ലഭിച്ചിരുന്നു. തുടര്‍ന്ന് നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് ബാങ്ക് സ്വീകരിച്ചതെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

കുട്ടികളെ പുറത്താക്കിയിട്ടില്ല. കുട്ടികള്‍ പോയത് അമ്മ വീട്ടിലേക്കാണ്. കുട്ടികള്‍ പതിവായി അവിടെയാണ് നില്‍ക്കുന്നത്. പിതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചിരുന്നുവെങ്കില്‍ ജപ്തി തല്‍ക്കാലം ഒഴിവാക്കിയേനെ. നടന്നത് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ക്രിയേറ്റ് ചെയ്ത സീന്‍. നിയമപ്രകാരം ജപ്തി ചെയ്തത് കുത്തിത്തുറക്കാന്‍ എംഎല്‍എയ്ക്ക് എന്ത് അധികാരമെന്നും ഗോപി കോട്ടമുറിക്കല്‍ ചോദിച്ചു. അവരെ സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ തുക പിരിച്ചെടുത്ത് തിരിച്ചടയ്ക്കുകയായിരുന്നു എംഎല്‍എ ചെയ്യേണ്ടിയിരുന്നത്.

സാധാരണ എപ്പോള്‍ ചെന്നാലും അവിടെ ആളുണ്ടാകാറില്ല. ഉച്ചയ്ക്ക് നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ചുറ്റിലും ആളുണ്ടായിരുന്നു. അവരാരും കുറച്ചു സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടില്ല. പിന്നീട് പ്രായമുള്ള സ്ത്രീയുടെ ഒപ്പമാണ് കുട്ടികള്‍ എത്തിയത്. കുട്ടികളോട് എന്തെങ്കിലും എടുക്കാന്‍ ഉണ്ടെങ്കില്‍ എടുത്തോളാന്‍ പറഞ്ഞു. അവര്‍ പഠിക്കുന്ന പുസ്തകങ്ങളുമായി പുറത്തുവന്നു. ജപ്തി നടപടി മാറ്റിവെച്ചു കൂടെ എന്ന് ചുറ്റിലുമുള്ള ആരെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ സാവകാശം നല്‍കിയേനെ. ബാങ്ക് ബാങ്കിന്റേതായ നടപടിയാണ് സ്വീകരിച്ചതെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെങ്കില്‍ തന്നെ എംഎല്‍എയ്ക്ക് നേരിട്ട് വിളിക്കാമായിരുന്നു. ബാങ്ക് മനുഷ്യത്വഹീനമായി പെരുമാറുന്ന സ്ഥാപനമാണ് എന്ന് വരുത്തിതീര്‍ക്കാനാണ് ചിലര്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞ് താന്‍ താക്കോല്‍ തിരിച്ചുനല്‍കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് വീട്ടിലേക്ക് തിരിച്ച ജീവനക്കാരിക്ക് അവിടെ ജനം കൂട്ടംകൂടിയത് അറിഞ്ഞ് പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ താക്കോല്‍ ഏല്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ