കേരളം

'മനഃപൂര്‍വ്വം കാലതാമസം ഉണ്ടാക്കാന്‍ ശ്രമിക്കരുത്'; സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി പദ്ധതിക്ക് അനുമതി നല്‍കില്ല എന്നല്ല. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് പഠിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ച് കൂടി വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേടുക മാത്രമാണ് ഉണ്ടായതെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള നടപടികളാണ് മുന്നോട്ടുപോകുന്നത്. സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ ഇതിന്റെ ഭാഗമായാണ്. ഒട്ടും തിരക്ക് കൂട്ടാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ല. അമിതമായി എന്തെങ്കിലും ചെയ്ത് കാണിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മനഃപൂര്‍വ്വം പദ്ധതിക്ക് കാലതാമസം ഉണ്ടാക്കാന്‍ ശ്രമിക്കരുത് എന്നാണ് എല്ലാവരും ചേര്‍ന്ന് പറയേണ്ടതെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ആവശ്യമായ പഠനങ്ങളെല്ലാം ചെയ്തിട്ടാണ് മുന്നോട്ട് പോകേണ്ടത്. സാങ്കേതിക സാധ്യതാപഠനം, സാമ്പത്തിക സാധ്യതാപഠനം, പരിസ്ഥിതി ആഘാത പഠനം എന്നിവയ്ക്കുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം അനുമതി നല്‍കിയാല്‍ ചെലവ് ഇരട്ടിയാകാന്‍ കാരണമാകുമെന്നും ബാലഗോപാല്‍ ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ ആദ്യം എതിര്‍ക്കുകയും പിന്നീട് കേന്ദ്രം തന്നെ ഏറ്റെടുക്കുന്നതുമാണ് കണ്ടുവരുന്നത്. കെ ഫോണ്‍, ഡിജിറ്റല്‍ സര്‍വകലാശാല, കിഫ്ബി എന്നിവ ഉദാഹരണം മാത്രം. നല്ലകാര്യം നടക്കാന്‍ എല്ലാവരും സഹകരിക്കണം. കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും ബാലഗോപാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്