കേരളം

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍?; ഏതാനും ചിലരുടെ എതിര്‍പ്പിന് വഴങ്ങില്ല; നാടിന് വേണ്ടത് നടപ്പാക്കും; മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതാനും ചിലരുടെ എതിര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുള്ള അവസ്ഥയില്‍ നാടിനെ പുരോഗതിയിലേക്ക് നയിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട്  ആരില്‍ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണത്തിനായി എറണാകുളത്ത് സംഘടിപ്പിച്ച 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ ഭാവിക്കു വേണ്ട കാര്യം, ചില ആളുകൾ എതിർത്തു എന്നതുകൊണ്ടു മാത്രം സർക്കാർ ഉപേക്ഷിച്ചു പോകുന്നതു ശരിയല്ല. സർക്കാരിന്റെ പ്രഥമമായ ബാധ്യതയും കടമയും ഇന്നുള്ള അവസ്ഥയിൽ നിന്നു നാടിനെ പുരോഗതിയിലേക്കു നയിക്കുക എന്നതാണ്. ജന ജീവിതം മെച്ചപ്പെടണം. ജീവിതം നവീകരിക്കപ്പെടണം. അതാവണം ഏതൊരു സർക്കാരും ചെയ്യേണ്ടത്. സർക്കാരിൽ അർപ്പിതമായ ആ ചുമതല നിറവേറ്റിയില്ലെങ്കിൽ സ്വാഭാവികമായും ജനങ്ങളാകെ സർക്കാരിനെ കുറ്റപ്പെടുത്തും. ഏതാനും ചിലരുടെ എതിർപ്പിനു മുന്നിൽ വഴങ്ങിക്കൊടുക്കലല്ല സർക്കാരിന്റെ ധർമം. നാടിന്റെ ഭാവിക്കു വേണ്ടത് നടപ്പാക്കുകയാണ് സർക്കാർ ഉത്തരാവിദത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗ്രാമ പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വരെ

ഈ പദ്ധതി നാടിനാവശ്യമാണ്. അതുകൊണ്ട തന്നെ നമ്മുടെ നാടിന്റെ വികസനത്തില്‍ താത്പര്യമുള്ള എല്ലാവരും സഹകരിക്കണം. അതല്ല ഇപ്പോള്‍ ഇത് പറ്റില്ല എന്ന നിലയിലാണ് ആണെങ്കില്‍ ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍ നമ്മള്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രകാരം 9300ലധികം കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരിക. ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരുമ്പോള്‍ മികച്ച പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നല്‍കും. പട്ടണങ്ങളില്‍ രണ്ടിരട്ടിയും നല്‍കും. 13,265 കോടി രൂപ നഷ്ടപരിഹാരത്തിനു മാത്രമായി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ പുനരധിവാസത്തിന് 1,730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4,460 കോടിയും നല്‍കും. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളുടെ അലൈന്‍മെന്റ് നിശ്ചയിച്ച് അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന്റ ഫലമായുണ്ടാകുന്ന ആഘാതങ്ങള്‍ ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ കണക്കെടുക്കും. ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാകുന്നതരത്തില്‍ പദ്ധതി നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അഞ്ചു പാക്കേജുകളിലായി ഒരേ സമയം നിര്‍മാണം

63,941 കോടി രൂപയാണു സില്‍വര്‍ലൈനിനു ചെലവു പ്രതീക്ഷിക്കുന്നത്. ഇതില്‍ 56,881 കോടി രൂപ അഞ്ചു വര്‍ഷംകൊണ്ടാണു ചെലവാക്കുന്നത്. പണം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ചു കുറഞ്ഞ പലിശയ്ക്കു വായ്പ സ്വീകരിക്കും. കേന്ദ്ര, സംസ്ഥാന വിഹിതവുമുണ്ടാകും. 2025ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി അഞ്ചു പാക്കേജുകളിലായി ഒരേ സമയം നിര്‍മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും പ്രവൃത്തി നടക്കും. രണ്ടു വര്‍ഷംകൊണ്ടു ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകണം. തുടര്‍ന്നുള്ള മൂന്നു വര്‍ഷംകൊണ്ടു പദ്ധതിയുടെ നിര്‍മാണവും പൂര്‍ത്തിയാക്കണം.

സില്‍വര്‍ ലൈന്‍ പരിസ്ഥിതിക്കു വലിയ ദോഷമുണ്ടാക്കുമെന്ന ചിലരുടെ പ്രചാരണം തെറ്റാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ മറുന്നുള്ള വികസനമല്ല സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകത്ത് ഏറ്റവും പരിസ്ഥിതി സൗഹൃദമായി കണക്കാക്കുന്ന ഗതാഗതം റെയില്‍ ആണ്. ഇതുമാത്രമല്ല, പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും വന്യമൃഗ സങ്കേതങ്ങളിലൂടെയും കെറെയില്‍ കടന്നുപോകുന്നില്ല. ഒരു ജലസ്രോതസിന്റെയും സ്വാഭാവിക ഒഴുക്കിനു തടസമുണ്ടാക്കുന്നില്ല. നെല്‍പ്പാടങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും 88 കിലോമീറ്റര്‍ തൂണുകളിലൂടെയാണു പാത കടന്നുപോകുന്നത്. ഇവിടെയും യാതൊരു പരിസ്ഥിതി പ്രശ്‌നവുമുണ്ടാകില്ല. സില്‍വര്‍ ലൈന്‍ വരുന്നതോടെ 2,80,000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാനാകും. ചരക്കു വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ റോ റോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതു ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ വലിയ കുറവുണ്ടാക്കും. 500 കോടി രൂപയുടെ ഫോസില്‍ ഇന്ധനങ്ങളുടെ കുറവുണ്ടാകുമെന്നാണു പ്രതീക്ഷ.

പ്രളയം ഉണ്ടാക്കുമെന്ന വാദത്തില്‍ കഴമ്പില്ല

സില്‍വര്‍ ലൈനില്‍ നിര്‍മിക്കുന്ന എംബാങ്ക്‌മെന്റ് പ്രളയമുണ്ടാക്കുമെന്ന വാദം യുക്തിക്കു നിരക്കാത്തതാണ്. നിവലിലുള്ള എല്ലാ റെയില്‍വേ ലൈനും ഇങ്ങനെയാണു നിര്‍മിച്ചിട്ടുള്ളത്. അവിടെയില്ലാത്ത പ്രളയം സില്‍വര്‍ ലൈന്‍ ഉണ്ടാക്കുമെന്ന വാദത്തിന് യാതൊരു കഴമ്പുമില്ല. കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണവും അടിസ്ഥാനമില്ലാത്തതാണ്. പാതയുടെ ഓരോ 500 മീറ്ററിലും ഓവര്‍ ബ്രിഡ്ജുകളോ അടിപ്പാതകളോ ഉണ്ടാകും. ആകെ ദൂരത്തിന്റെ 25 ശതമാനത്തിലേറെ തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതാണ്.

സംസ്ഥാനത്തു നിലവിലുള്ള റെയില്‍വേ വികസിപ്പിച്ചു പുതിയ റെയിലിനു സമാന നേട്ടമുണ്ടാക്കാമെന്ന പ്രചാരണവും നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം  മംഗലാപുരം സെക്ഷനില്‍ 19 കിലോമീറ്റര്‍ പാത മാത്രമാണ് ഇനി ഇരട്ടിപ്പിക്കാനുള്ളത്. എന്നാല്‍ റെയില്‍ ഗതാഗതത്തിന്റെ വേഗത പഴയ നിലയില്‍ത്തന്നെയാണ്. തിരുവനന്തപുരത്തുനിന്നു കാസര്‍കോഡ് വരെയുള്ള പാതയില്‍ 626 വളവുകള്‍ ഉണ്ട്. ഇതു നിവര്‍ത്തിയെടുത്തുള്ള വികസനം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രായോഗികമല്ല. റെയില്‍വേ വികസനത്തിനു സില്‍വര്‍ ലൈനിനു വേണ്ടതിനേക്കാള്‍ ഭൂമിയും ആവശ്യമായിവരും. സാധാരണ റെയില്‍വേ ലൈനുകള്‍ക്ക് ഇരു വശവും 30 മീറ്റര്‍ ബഫര്‍ സോണാണെങ്കില്‍ സില്‍വര്‍ ലൈനില്‍ ഇത് അഞ്ചു മീറ്റര്‍ മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയപാത വികസനവും സില്‍വര്‍ ലൈനും താരതമ്യം ചെയ്തും പ്രചാരണം നടക്കുന്നുണ്ട്. ഇതിലെ വാദവും യുക്തിരഹിതമാണ്. സില്‍വര്‍ ലൈനിന് നാലുവരിപ്പാതയേക്കാള്‍ കുറവു സ്ഥലമേ ആവശ്യമുള്ളൂ. നാലുവരിപ്പാത വികസിപ്പിച്ചു കുറച്ചു കാലം കഴിയുമ്പോള്‍ വാഹനത്തിരക്കേറും. പിന്നെ ആ റോഡ് മതിയാകാതെവരും. 100 ശതമാനം പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങളാകും സില്‍വര്‍ ലൈനില്‍ ഉപയോഗിക്കുക. അതുവഴി 2052 ഓടെ 5.95 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്താക്കാന്‍ കഴിയും. 12,872 വാഹനങ്ങള്‍ റോഡില്‍ ഇറങ്ങുന്നത് ഒഴിവാകും. 46,206 പേര്‍ റോഡ് ഗതാഗതത്തില്‍നിന്നു മാറി ഓരോ ദിവസവും സില്‍വര്‍ ലൈന്‍ ഉപയോഗിക്കും. പദ്ധതിയുടെ നിര്‍മാണ സമയത്ത് 50,000 തൊഴിലവസരങ്ങളും പ്രവര്‍ത്തന ഘട്ടത്തില്‍ 11,000 പേര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്