കേരളം

'തിരുവാതിരയില്‍ തെറ്റില്ല, പക്ഷെ കേരളം ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോള്‍ മാറ്റിവയ്ക്കാതിരുന്നത് അവിവേകം'; അശോകന്‍ ചരുവില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്ര കടന്നുപോകുന്ന സമയത്ത് മെഗാ തിരുവാതിര നടത്തിയ സിപിഎം നടപടിയെ വിമര്‍ശിച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന്‍ ചരുവില്‍. 

'സിപിഎം സമ്മേളനത്തോടനുബന്ധിച്ച് തിരുവാതിരക്കളി അവതരിപ്പിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ഫ്യൂഡല്‍ കാലത്തുണ്ടായ മറ്റു പല കലാരൂപങ്ങളും നമ്മള്‍ കൊണ്ടാടുന്നുണ്ട്. കോവിഡ് കാലത്തു നടത്തുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ ഉണ്ടാകണമെന്നു മാത്രം.
എന്നാല്‍ ഇന്നലെ ഇടുക്കിയിലെ വിദ്യാര്‍ത്ഥി സഖാവ് ധീരജിന്റെ രക്തസാക്ഷിത്വത്തില്‍ കേരളം ഞെട്ടിത്തരിച്ചു നില്‍ക്കുന്ന സമയത്ത് ഇത് മാറ്റിവെക്കാന്‍ തയ്യാറാകാതിരുന്നത് തികഞ്ഞ അവിവേകമാണ്. '-അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. 

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്ത് അഞ്ഞൂറോളം പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കമുള്ള നേതാക്കള്‍ തിരുവാതിര കാണാനായി എത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് തിരുവാതിര നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. 

എന്നാല്‍ ധീരജിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലാണ് സിപിഎം പെരുമാറിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്നു. നിരവധിപേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം പരിപാടിക്കെതിരെ രംഗത്തുവന്നത്. തിരുവാതിര മാറ്റി വയ്‌ക്കേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ധീരജിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍