കേരളം

അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം; ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അടുത്ത രണ്ടു ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. 23നും 30നും അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ഞായറാഴ്ചകളില്‍ മാളുകളും തിയറ്ററുകളും പ്രവര്‍ത്തിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ആരോഗ്യ, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ബിരുദബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല. രാത്രികാല യാത്രാനിയന്ത്രണം വേണ്ടെന്നും കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രോഗവ്യാപന തോത് അനുസരിച്ച് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന അഞ്ചു ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പൊതുപരിപാടികള്‍ക്ക് പൂര്‍ണ വിലക്കാണ്. സ്വകാര്യ ചടങ്ങില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും യോഗം നിര്‍ദേശിച്ചു.എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പൊതുപരിപാടികളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. 

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കണമെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. സ്‌പ്രെഡ് തടയുന്നതിനായി കര്‍ശന നടപടികള്‍ വേണമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
 
വരാനിരിക്കുന്നത് ഒമൈക്രോണ്‍ സാമൂഹിക വ്യാപനത്തിന്റെ പ്രതിഫലനമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗികളുടെ എണ്ണം കൂടുന്നതു മാത്രമല്ല, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. ഇപ്പോള്‍ തന്നെ കോഴിക്കോട് അടക്കം മെഡിക്കല്‍ കോളജ് ആശുപത്രി രോഗികളാല്‍ നിറഞ്ഞു. തിരുവനന്തപുരത്ത് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.  

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയേക്കാള്‍ 192 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതിലും ഇരട്ടിയാണിത്. ഒമൈക്രോണ്‍ സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികള്‍ ആശുപത്രികളിലെത്തുമെന്നാണ് വിലയിരുത്തല്‍.  

സി കാറ്റഗറി അതായത് ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കണമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. താഴേത്തട്ടിലുള്ള ആശുപത്രികളിലെ കോവിഡ് ചികിത്സയും, മുമ്പ് ഉണ്ടായിരുന്നതുപോലെ സിഎഫ്എല്‍ടിസികളും വ്യാപകമാകമാക്കിയില്ലെങ്കില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''