കേരളം

ലോക്ക് ഡൗണ്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി

സമകാലിക മലയാളം ഡെസ്ക്

കാസര്‍ക്കോട്/തൃശൂര്‍: സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി. മൂന്നു ദിവസത്തെ സമ്മേളന പരിപാടികള്‍ രണ്ടു ദിവസം കൊണ്ട് അവസാനിപ്പിക്കാനാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാലാണ് നാളെ സമ്മേളനം അവസാനിപ്പിക്കുന്നത്.

കോവിഡ് വ്യാപനത്തിനിടെ സിപിഎംം സമ്മേളനങ്ങള്‍ നടത്തുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കാസര്‍ക്കോട് ജില്ലാ സമ്മേളനം തുടങ്ങുന്നതിനു തൊട്ടു മുമ്പായി, നേരത്തെ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കലക്ടര്‍ പിന്‍വലിച്ചതും വിമര്‍ശിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് സമ്മേളനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം. 

ഇന്നു രാവിലെയാണ് രണ്ടു ജില്ലകളിലും സമ്മേളനത്തിനു തുടക്കമായത്. കാസര്‍ക്കോട് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. 185 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തൃശൂരില്‍ പിബി അംഗം എംഎ ബേബിയായിരുന്നു ഉദ്ഘാടനം.
 

മാനദണ്ഡം മാറ്റിയത് സമ്മേളനത്തിനു വേണ്ടിയെന്ന് സതീശന്‍

സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടിയാണ് ടിപിആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് സമ്മേളനം നടക്കുന്ന ജില്ലകളെ ഒഴിവാക്കാനാണ്. പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

കാസര്‍കോട് 36 ഉം, തൃശൂരില്‍ 34 ഉം ആണ് ടിപിആര്‍

സിപിഎം സമ്മേളനങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഏകെജി സെന്ററില്‍ നിന്നാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന കാസര്‍കോട് 36 ഉം, തൃശൂരില്‍ 34 ഉം ആണ് ടിപിആര്‍. കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ട സ്ഥലങ്ങളാണ്. എന്നാല്‍ സമ്മേളനങ്ങള്‍ക്ക് വേണ്ടി ഈ രണ്ടു ജില്ലകളെയും എ,ബി, സി കാറ്റഗറികളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തി, 300 ഉം, 400 ഉം 500 ഉം പേര്‍ കൂടുന്നത് കോവിഡിനെ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് സഹായകരമാകും. തിരുവനന്തപുരം ജില്ലയിലെ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി, എംഎല്‍എമാര്‍, നൂറുകണക്കിന് പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങിയവര്‍ക്ക് വ്യാപകമായി കോവിഡ് രോഗം ബാധിച്ചതാണ്. ആ പരിപാടിയില്‍ പങ്കെടുത്ത നേതാക്കന്മാര്‍ ക്വാറന്റീനില്‍ പോകാതെ, ഓരോ ജില്ലകളിലും രോഗവാഹകരായി നടന്ന് വിതരണം നടത്തുകയാണ്.

മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യം

പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത്തരത്തില്‍ നടത്തിയിട്ടില്ല. എന്തു കോവിഡായാലും തങ്ങള്‍ പാര്‍ട്ടി സമ്മേളനം നടത്തുമെന്ന വാശിയിലാണ് സിപിഎം. ഹോം കെയര്‍ എടുക്കാനാണ് സര്‍ക്കാര്‍ പറയുന്നത്. വീട്ടില്‍ ചികിത്സയെന്ന് പറഞ്ഞിട്ട്, ആശുപത്രികളിലെ രോഗികളുടെ കണക്ക് വെച്ച് മാനദണ്ഡമുണ്ടാക്കി. ആശുപത്രിയില്‍ പോകേണ്ടെന്നാണ് പോകേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കാരണം ആവശ്യത്തിന് മരുന്നുകളില്ല, സിഎഫ്എല്‍ടിസികള്‍ പോലുമില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

നേരത്തെ എന്തെല്ലാമാണ് നേതാക്കളെ അധിക്ഷേപിച്ചിരുന്നത്. പാലക്കാട് ഭക്ഷണം പോലുമില്ലാതെ പൊരിവെയിലത്ത് കിടന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരെ കാണാന്‍ പോയ മൂന്ന് എംപിമാരെയും രണ്ട് എംഎല്‍എമാരെയും പരിഹസിക്കുകയും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ തിരുവവനന്തപുരം സമ്മേളനത്തില്‍ നൂറുകണക്കിന് പേര്‍ക്ക് അസുഖം വന്നിട്ട്, അതില്‍ പങ്കെടുത്ത നേതാക്കന്മാരെന്തേ ക്വാറന്റീനില്‍ പോകാത്തതെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ആരോഗ്യമന്ത്രിയെ മൂലക്കിരുത്തി ചിലര്‍ ഭരണം നിയന്ത്രിക്കുന്നു

അവര്‍ ബാക്കിയുള്ള ജില്ലാ സമ്മേളനങ്ങളില്‍ പോയി രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടാണ് ജനങ്ങളെ ഉപദേശിക്കുന്നത്. സിപിഎം നേതാക്കളും മന്ത്രിമാരും കേരളത്തില്‍ മരണത്തിന്റെ വ്യാപാരികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് നിശ്ചലമാണ്. കോവിഡ് പടരുന്നത് തടയാന്‍ വകുപ്പ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് അറിയില്ല. കൈവിട്ടുപോയി. ആരോഗ്യ വകുപ്പ് സെക്രട്ടറിയും വിദഗ്ധ സമിതി അധ്യക്ഷനുമൊക്കെ എകെജി സെന്ററില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രിയെ മൂലക്കിരുത്തി ചിലര്‍ ഭരണം നിയന്ത്രിക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

ജനങ്ങളെ പരിഹസിക്കുന്നു

ജില്ലയിലെ ഗുരുതരാവസ്ഥ മനസ്സിലാക്കി കാസര്‍കോട് കളക്ടര്‍ ഇന്നലെ ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് ഇറക്കി. എന്നാല്‍ മണിക്കൂറുകള്‍ക്കകം കളക്ടറെക്കൊണ്ട് ആ ഉത്തരവ് സിപിഎം പിന്‍വലിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് ജാഗ്രത കാണിക്കണമെന്ന് പറയുന്നു. തോന്നുന്ന ജില്ലകളില്‍ തോന്നുന്ന മാനദണ്ഡങ്ങള്‍ വെച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇത് ജനങ്ങളെ പരിഹസിക്കലാണ്. കോവിഡ് രോഗബാധ ഇത്രമാത്രം ഉണ്ടാക്കുന്നതിന് പ്രധാനകാരണമായി സിപിഎം സമ്മേളനങ്ങള്‍ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സിപിഎമ്മിന് ഒരു മാനദണ്ഡം, മറ്റുള്ളവര്‍ക്ക് വേറെ മാനദണ്ഡം

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ തൃശൂര്‍ നാലാം സ്ഥാനത്താണ്. അവിടെ സമ്മേളനം നടത്തുന്നത് നിയമപരമായി ശരിയാണോ?. സമ്മേളനം നടക്കുന്ന ജില്ലകളെ ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ടിപിആര്‍ അനുസരിച്ചാണെങ്കില്‍ തൃശൂരില്‍ ജില്ലാ സമ്മേളനം നടത്താനാവില്ല. കേന്ദ്രത്തിനെതിരായ പെട്രോള്‍ വില വര്‍ധനവിനെതിരായ സമരത്തില്‍, മുമ്പ് അഞ്ചുപേര്‍ കൂടിയതിന് പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. അന്ന് അഞ്ചുപേര്‍ അനുവദനീയമായ കാലത്താണ് കേസെടുത്തത്. ഇപ്പോള്‍ തിരുവാതിര കളിയും ആഘോഷപരിപാടികളും കലാപരിപാടികളും ഒക്കെ നടത്തി സമ്മേളനങ്ങള്‍ പൊടിപൊടിക്കുകയാണ്. സിപിഎമ്മിന് ഒരു മാനദണ്ഡം, മറ്റുള്ളവര്‍ക്ക് വേറെ മാനദണ്ഡം ഇതാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത