കേരളം

ഒരു പ്രതി കടുത്ത മാനസിക സമ്മര്‍ദത്തില്‍?; രണ്ടു തവണ പൊട്ടിക്കരഞ്ഞു; ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന്  സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതായാണ് സൂചന. കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് , ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ കഴിഞ്ഞ രണ്ടു ദിവസം ചോദ്യംചെയ്തത്. ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ രണ്ടു ദിവസമായി 22 മണിക്കൂർ ആണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടിൽ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ ഒരു പ്രതി സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. 

രണ്ടു തവണ പൊട്ടിക്കരഞ്ഞു

എന്നാൽ തനിക്ക് ഇതിൽ പങ്കാളിത്തമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ഇയാൾ ഇന്നലെ ചോദ്യം ചെയ്യലിനിടയിൽ 2 തവണ പൊട്ടിക്കരഞ്ഞതായാണ് വിവരം. കടുത്ത മാനസിക സമ്മർദത്തിലായ ഇയാൾ ഇന്നലെ കാര്യമായി സംസാരിച്ചില്ലെന്നാണ് സൂചന. ഇയാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കു മുറുക്കാൻ സാധ്യതയുണ്ട്. ഇയാളെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാൽ മാത്രം മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. 

സംവിധായകരെ വിളിച്ചുവരുത്തി

സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിന്റെ നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻ മാനേജർ അടക്കം മൂന്ന് ജീവനക്കാർ എന്നിവരെ 
ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്ദസന്ദേശങ്ങൾ ദിലീപുമായി ബന്ധമുള്ളവരെ കേൾപ്പിച്ചു. ശബ്ദസാംപിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനു മുമ്പായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചോദ്യംചെയ്യലിനു നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞു.

ദിലീപിന്റെ വാദം തള്ളി റാഫി

ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ തന്നെയാണെന്ന് സംവിധായകൻ റാഫി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകിയതിന് ശേഷമായിരുന്നു റാഫിയുടെ പ്രതികരണം. പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറിയത് താനായിരുന്നു എന്നാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന