കേരളം

'എഎപിയും ട്വന്റി 20യും ബദല്‍ ശക്തിയായി മാറും'; സഖ്യം സ്ഥിരീകരിച്ച് സാബു എം ജേക്കബ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കരയില്‍ എഎപിയുമായുള്ള സഖ്യം സ്ഥിരീകരിച്ച് ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. എഎപിയും ട്വന്റി 20യും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നു. എഎപിയും ട്വന്റിയും 20യും ബദല്‍ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു. 

ദേശീയതലത്തില്‍ ഭരണമികവ് തെളിയിച്ചു നില്‍ക്കുന്ന എഎപിയുമായുള്ള സഖ്യം എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് ബദലാകുമെന്നും സാബു കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാം തീയതി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ജെരിവാള്‍ കേരളത്തിലെത്തും.അന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. 

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. 
അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്നി ഉമ തോമസിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍ രംഗത്തെത്തി. 
സഹതാപം ഫലം കാണുന്ന മണ്ഡലമല്ല തൃക്കാക്കര. ഇതൊരു അര്‍ബന്‍ മണ്ഡലമാണ്. സഹതാപതരംഗം കൊണ്ട് മാത്രം ജയിക്കാനാകില്ല. ആരെ നിര്‍ത്തിയാലും ജയിക്കുമെന്ന് കരുതിയാല്‍ തിരിച്ചടി ഉണ്ടാകും. പ്രവര്‍ത്തകര്‍ക്ക് അംഗീകാരമുള്ളയാളാകണം സ്ഥാനാര്‍ത്ഥിയായി വരേണ്ടതെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത്. ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി വരണം. സാമൂഹിക സാഹചര്യം പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകും. ആരെയെങ്കിലും നൂലില്‍ കെട്ടി ഇറക്കിയാല്‍ ഫലം കാണില്ല. സമവായങ്ങള്‍ നോക്കി മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. കെ വി തോമസ് ഇപ്പോഴും കോണ്‍ഗ്രസിന്റെ എഐസിസി അംഗമാണ്. ഒരാള്‍ പിണങ്ങിയാല്‍പ്പോലും ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം തൃക്കാക്കരയില്‍ യു ഡി എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മാത്രം ജയിക്കാം. കെ വി തോമസിനെ ഒപ്പം നിര്‍ത്താന്‍ നേതൃത്വം ശ്രമിക്കണം. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു. ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകുമോ എന്നതില്‍ പ്രതികരിക്കാനില്ല. സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ തീരുമാനം പാര്‍ട്ടിയുടേതാണെന്നും ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍