കേരളം

പാര്‍ട്ടിക്ക് പിരിവ് നല്‍കിയില്ല; മര്‍ദ്ദനം, അസഭ്യം വിളി; ഹോട്ടല്‍ തല്ലിത്തകര്‍ത്തു; സിപിഐ പ്രവർത്തകർക്കെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പാര്‍ട്ടിക്ക് പിരിവ് നല്‍കാത്തതിന് തിരുവല്ലയില്‍ സിപിഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തതായി പരാതി. മന്നംകരചിറ ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ശ്രീ മുരുകന്‍ ഹോട്ടലിന് നേര്‍ക്കാണ് ആക്രമണം. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. 

ദമ്പതികളും നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകനും ഉഷയുമാണ് ഹോട്ടല്‍ നടത്തുന്നത്. 500 രൂപ പാര്‍ട്ടി പരിവ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ആക്രമണമെന്നും പരാതിയിലുണ്ട്. തിരുവല്ല പൊലീസിലാണ് ദമ്പതികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. പൊലീസിന് നല്‍കിയ പരാതി നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ചതായും ദമ്പതികള്‍ പറയുന്നു. 

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പാര്‍ട്ടി പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പിന്നാലെയാണ് കട തല്ലിത്തകര്‍ത്തത്. തങ്ങളെ മര്‍ദ്ദിച്ചതായും അസഭ്യം പറഞ്ഞതായും ദമ്പതികള്‍ പറയുന്നു. ഹോട്ടലിലെ പാത്രങ്ങളും ഗ്യാസ് സിലിണ്ടറുമടക്കം പ്രവര്‍ത്തര്‍ എടുത്തു പുറത്തിട്ടതായും പരാതിയിലുണ്ട്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 500 രൂപ പിരിവ് നല്‍കണമെന്ന് കടയില്‍ ചെന്ന് ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ ഇല്ലെന്നും കൈയിലുള്ള പണം തരാനേ നിര്‍വഹമുള്ളു എന്നുമായിരുന്നു കടയുടമയുടെ മറുപടി. അന്ന് പക്ഷേ ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. 

സിപിഐ സമ്മേളനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫണ്ട് ചോദിച്ച് പ്രവര്‍ത്തകര്‍ വീണ്ടും എത്തിയതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഫണ്ട് നല്‍കാന്‍ വിസമ്മതിച്ചത് സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. മുന്‍വൈരാഗ്യം വച്ച് തന്നെയും ഭാര്യയേയും പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ചതായി ദമ്പതികള്‍ പറയുന്നു. 

എന്നാല്‍ കടയുടമകള്‍ തങ്ങളെ ആക്രമിച്ചെന്നാണ് സിപിഐ പറയുന്നത്. വിഷയം ഗൗരവമായാണ് കാണുന്നതെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. സമ്മേളനം നടക്കുന്ന കാലമായതിനാല്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാഗത്തു നിന്നു അത്തരമൊരു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ