കേരളം

കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം; പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താത്കാലിക ഒഴിവുകളിലേക്കുള്ള നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍  വിജിലന്‍സ് അന്വേഷണം. നിയമനവുമായി ബന്ധപ്പെട്ട് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിന്റെ കത്തിലും അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവിയാണ് ഉത്തരവിട്ടത്. ഇതില്‍ ഏതെങ്കിലും തരത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് പ്രാഥമിക പരിശോധന നടത്താനാണ് വിജിലന്‍സ് മേധാവി നിര്‍ദേശിച്ചത്. 

ഉപയോഗിച്ച ലെറ്റര്‍ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണ് പ്രചരിച്ചതെന്നാണ് മേയര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. എന്നാല്‍ പ്രചരിക്കുന്ന കത്ത് എഴുതിയത് താനാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അത് പ്രചരിച്ചത് എങ്ങനെയാണ് എന്നതിനെ സംബന്ധിച്ച് പൊലീസ് അന്വേഷിക്കണമെന്നതാണ് ഡി ആര്‍ അനിലിന്റെ നിലപാട്. കത്ത് എഴുതിക്കഴിഞ്ഞപ്പോള്‍ അത് ശരിയല്ലെന്ന് തോന്നുകയും കൊടുത്തില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്തു വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. താന്‍ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. അതില്‍ അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് പറയാനുള്ളത് ക്രൈംബ്രാഞ്ച് ചോദിച്ചിരുന്നു. നഗരസഭ ജീവനക്കാരും അവര്‍ക്ക് പറയാനുള്ളത് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതി മേയര്‍ക്ക് നോട്ടീസ് അയച്ചു എന്നു പറയുന്നുണ്ട്. പക്ഷെ നോട്ടീസ് ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതിലെ വിഷയങ്ങള്‍ എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. 

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, എഫ്ഐആര്‍ ഇട്ടിട്ടുണ്ടോ എന്നൊക്കെയാണ് കോടതി ചോദിച്ചിട്ടുള്ളത്. അതൊക്കെ അന്വേഷണവുമായി ബന്ധപ്പെട്ട്, പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ശേഷം പറയാന്‍ കഴിയുന്ന കാര്യങ്ങളാണ്. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.

ഒന്നുമറിയാതെ പരാതി കൊടുത്ത് വെറുതെ ഇരിക്കാനല്ല പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി താന്‍ പൂര്‍ണമായും സഹകരിക്കും. തന്റെ ഓഫീസോ ഉപകരണങ്ങളോ അന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്ക്ക് ആവശ്യപ്പെട്ടാല്‍, അതിനോട് സഹകരിക്കേണ്ടി വരുമെന്ന ധാരണയോടെ തന്നെയാണ് പരാതി നല്‍കിയത്. 

പരാതി വെറുതെ കിടന്നോട്ടെ എന്ന ധാരണ തനിക്കില്ല. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും പരിശോധിക്കണം. അന്വേഷണത്തിന്റെ ഭാഗമായി മേയറുടെയോ നഗരസഭയുടേയോ ഓഫീസോ ഫോണുകളോ എന്തും പരിശോധിക്കാം. ഏതു നടപടിയെയും സ്വീകരിക്കും. മേയറുടെ ഭാഗം കേള്‍ക്കണമെന്ന് കോടതി പറഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. 

മഹിളാ കോണ്‍ഗ്രസിന്റെ പെട്ടി പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊയ്ക്കൊള്ളാനാണ് പറഞ്ഞത്. അത് കുടുംബത്തിലുള്ളവരെക്കൂടി ചേര്‍ത്ത് പറയുന്ന കാര്യമാണ്. ഇത്തരം പരാമര്‍ശം ഒരു വനിതാ എംപി തന്നെ പറയുന്നു. ഒരു ജനപ്രതിനിധി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന അഭിപ്രായമാണ് തനിക്കുള്ളത്. 

പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ആര്യാരാജേന്ദ്രന്‍ തള്ളി. കൗണ്‍സിലര്‍മാരുടെ ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരും. ഇപ്പോള്‍ പലരും അവരുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ തരാമെന്നൊക്കെ പറയുന്നുണ്ട്. പക്ഷെ അതിന് ജയിക്കാന്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ വേണ്ടേയെന്ന് ആര്യാ രാജേന്ദ്രന്‍ ചോദിച്ചു. കോടതി പറയുന്ന ഏത് അന്വേഷണത്തിനും തങ്ങളുടെ സഹകരണം ഉണ്ടാകുമെന്നും ആര്യാരാജേന്ദ്രന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം