കേരളം

'പിന്നില്‍ പ്രകാശും ആര്‍എസ്എസ് പ്രവര്‍ത്തകനും'; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അറസ്റ്റ്. കേസിലെ പ്രതിയായ പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കുണ്ടമണ്‍കടവ് സ്വദേശിയായ കൃഷ്ണകുമാറിന്റെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ അടക്കം നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി ഇന്ന് തീരാനിരിക്കേയാണ് ആശ്രമം കത്തിച്ച കേസിലും കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആശ്രമം കത്തിച്ച കേസില്‍ കൃഷ്ണകുമാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായതായി കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു.

2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയാണ് കുണ്ടമണ്‍കടവിലെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത്. പ്രകാശവും കൃഷ്ണകുമാറും ശബരിയുമാണ് കേസിലെ പ്രതികളെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതില്‍ പ്രകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശബരി ഒളിവിലാണെന്നും തെരച്ചില്‍ തുടരുന്നതായും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. ആശ്രമം കത്തിച്ചത് പ്രകാശും മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനും ചേര്‍ന്നാണെന്നാണ് കൃഷ്ണകുമാര്‍ നല്‍കിയ മൊഴി. 

ചാലയില്‍നിന്ന് റീത്ത് വാങ്ങി പ്രകാശിന് നല്‍കിയത് താനാണെന്നും അതിന് ശേഷം മൂകാംബികയിലേക്ക് പോയതായും കൃഷ്ണകുമാറിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. റീത്തില്‍ ഷിബുവിന് ആദരാഞ്ജലികള്‍ എന്ന് എഴുതിയത് പ്രകാശാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞതായും ക്രൈംബ്രാഞ്ച് പറയുന്നു. ആശ്രമം കത്തിക്കാന്‍ ഇരുവരും ബൈക്കിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണവും കേസില്‍ വഴിത്തിരിവായി. 

പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിന് പുറമേ ശ്രീകുമാര്‍(45), സതികുമാര്‍(38), രാജേഷ്(38) എന്നി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആശ്രമം കത്തിച്ച കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. 

2022 ജനുവരി മൂന്നിന് രാത്രിയാണ് കുണ്ടമണ്‍കടവ് സ്വദേശിയായ പ്രകാശ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഇതിന് രണ്ടുമണിക്കൂര്‍ മുമ്പാണ് പ്രതികള്‍ പ്രകാശിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്ത്, തന്റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു. എന്നാല്‍, കോടതിയില്‍ പ്രശാന്ത് മൊഴി തിരുത്തുകയായിരുന്നു. ആശ്രമം കത്തിച്ചതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു കോടതിയില്‍ പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'