കേരളം

'മരുമകന്‍ എത്ര പിആര്‍ വര്‍ക്കു നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല, പരിഹാസപാത്രമാക്കാന്‍ കുടുംബ അജന്‍ഡ'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്പീക്കറെ പരിഹാസപാത്രമാക്കാനുള്ള കുടുംബ അജന്‍ഡയാണ് നിയമസഭയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മരുമകന്‍ എത്ര പിആര്‍ വര്‍ക്കു നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് ഇതിനു പിന്നിലെന്ന് സതീശന്‍ ആരോപിച്ചു. 

മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യങ്ങളില്‍ അടിയന്തര പ്രമേയ നോട്ടീസ് പോലും അനുവദിക്കുന്നില്ല. സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ സ്പീക്കര്‍ക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. സ്പീക്കറെ പരിഹാസപാത്രമാക്കാനുള്ള കുടംബ അജന്‍ഡയാണ് നടക്കുന്നത്. സ്പീക്കറെ പ്രതിപക്ഷത്തിന്റെ ശത്രുവാക്കി നിയമസഭാ നടപടികള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ അജന്‍ഡയാണിത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സ്പീക്കര്‍ ഒരു പേപ്പര്‍ മേശപ്പുറത്തു വയ്ക്കാന്‍ വിളിച്ചപ്പോള്‍ അതു ചെയ്യുന്നതിനു പകരം പ്രതിപക്ഷത്തിന്റെ നട്ടെല്ലു വാഴപ്പിണ്ടിയാണ് എന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. എന്ത് അധികാരമാണ് അയാള്‍ക്കുള്ളത്? മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാന്‍ എന്താണ് അവകാശം? മനപ്പൂര്‍വമായി പ്രകോപിപ്പിക്കാനുള്ള ശ്രമാണ് റിയാസ് നടത്തിയതെന്ന് സതീശന്‍ പറഞ്ഞു.

ചേങ്കോട്ടുകൊണത്ത് പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടിക്കു നേരെ പട്ടാപ്പകല്‍ നടന്ന ആക്രമണമാണ് ഇന്നു പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് ഉടനീളം സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അത് അടിയന്തരമായി ചര്‍ച്ച ചെയ്യണം എന്നാണ് സഭയില്‍ ആവശ്യപ്പെട്ടത്. ഇതു നിയമസഭയില്‍ അല്ലാതെ എവിടെയാണ് പറയുക? ഇതു നിയമസഭയാണോ കൗരവസഭയാണോ? ഇതിനൊന്നും മറുപടി പറയാന്‍ സൗകര്യമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നത്? 

ഇതൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. ഗൗരവമുള്ള കാര്യമല്ലെന്നാണ് പറയുന്നത്. ഇവര്‍ക്കു ഗൗരവമുള്ള കാര്യം വേറെ എന്താണ്? നിരന്തരമായി പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുകയാണ്. ഞങ്ങളെ അപമാനിക്കുകയാണ്. പ്രതിപക്ഷമില്ലെങ്കിലും സഭ നടക്കും എന്ന ധിക്കാരമാണ്. മോദി പാര്‍ലമെന്റില്‍ ചെയ്യുന്നതാണ് പിണറായി ഇവിടെ ചെയ്യുന്നത്. 

സ്പീക്കറുടെ ചേംബറിനു മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ ചീഫ് മാര്‍ഷലിന്റെയും ഡെപ്യൂട്ടി ചീഫ് മാര്‍ഷലിന്റെയും നേതൃത്വത്തില്‍ ആക്രമിക്കുകയാണ് ചെയ്തതെന്ന് സതീശന്‍ പറഞ്ഞു. സലാമും സച്ചിന്‍ ദേവും വന്ന് പ്രതിപക്ഷ അംഗങ്ങളെ ചവിട്ടി. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. തുടര്‍ ഭരണത്തിന്റെ ധിക്കാരമാണ് നിയമസഭയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്