കേരളം

'താലുക്ക് ആശുപത്രിയില്‍ വച്ച് കുത്തേറ്റ ഡോക്ടര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയത് സ്വകാര്യ ആശുപത്രിയില്‍; ഇതാണോ കേരളത്തിലെ സ്ഥിതി?'

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച   അധ്യാപകന്റ കുത്തേറ്റു ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍, മുഖ്യമന്ത്രി ആശുപത്രിയില്‍ പോയി നാടകം കളിച്ചെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കുത്തേറ്റ് വീണ ഡോക്ടര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ആഭ്യന്തരമന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പൂര്‍ണപരാജയമാണ്. പൊലീസിന്റെ ഏറ്റവും ദയനീയമായ പരാജയമാണ് വന്ദനയുടെ കൊലപാതകത്തില്‍ കണ്ടത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാള്‍ ആക്രമണം നടത്തിയപ്പോള്‍ പൊലീസുകാര്‍ ഓടി രക്ഷപ്പെട്ടു. ദാരുണമായി കുത്തേറ്റ വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞില്ല. ഇതാണോ കേരളത്തിലെ ഭരണ സംവിധാനത്തിന്റെ സ്ഥിതിയെന്നും സുരേന്ദ്രന്‍ ചോദിച്ചു. താലൂക്ക് ആശുപത്രിയില്‍വച്ച് 11 തവണ കുത്തേറ്റ് പിടഞ്ഞ ഡോക്ടര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയത് സ്വകാര്യ ആശുപത്രിയിലാണ്. അതിനുശേഷം 60 കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അപ്പോള്‍ ചികിത്സ നല്‍കാനുള്ള യാതൊരു സൗകര്യവും കുത്തേറ്റു വീണ താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

'ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍, ഇവിടുത്തെ ഭരണസംവിധാനം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ടാണ് പൊലീസിന് അവിടെ ശക്തമായ ഇടപെടല്‍ നടത്താന്‍ സാധിക്കാതെ പോയത്? പൊലീസുകാരുടെ കയ്യില്‍ എന്തു കൊടുത്തിട്ടാണ് പിണറായി വിജയന്‍ വിടുന്നത്? പൊലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലേയെന്ന് ഹൈക്കോടതിയും ചോദിച്ചിരിക്കുന്നു. ക്രമസമാധാന പാലനത്തിനു പോകുന്ന പൊലീസുകാര്‍ക്ക് എന്തു പരിശീലനമാണ് കൊടുക്കുന്നത്? ഗുണ്ടകളെയും ലഹരിക്ക് അടിമകളായ മനോരോഗികളെയും നിലയ്ക്കു നിര്‍ത്താന്‍ എന്തു സംവിധാനമാണ് അവര്‍ക്കുള്ളത്? കൊല്ലം ജില്ലയില്‍ത്തന്നെ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ത്തന്നെ അതിഭീകരമായ ആക്രമണം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ നടത്തി. എന്നിട്ട് സര്‍ക്കാര്‍ എന്തു ചെയ്തു?'- സുരേന്ദ്രന്‍ ചോദിച്ചു. 

സംസ്ഥാനത്ത ക്രമസമാധാന നില തകര്‍ന്നു തരിപ്പണമായി. മയക്കുമരുന്നു മാഫിയ വിലസുന്നു. ആര്‍ക്കും നിയമസംവിധാനത്തെ ഭയമില്ല. രണ്ടു ദിവസം മുന്‍പ് താനൂരില്‍ അതാണ് കണ്ടത്. ലൈസന്‍സില്ലെന്നു മാത്രമല്ല, മീന്‍ പിടിക്കുന്ന ബോട്ടിനെ ടൂറിസ്റ്റ് ബോട്ടാക്കാന്‍ കേരളത്തിലല്ലാതെ മറ്റ് എവിടെ സാധിക്കും? 20 പേരെ കയറ്റാവുന്ന ബോട്ടില്‍ 40 പേരെ കയറ്റി എന്നും സര്‍വീസ് നടത്തുന്നു. ഇതൊക്കെ കേരളത്തിലല്ലാതെ എവിടെ നടക്കും? സുരേന്ദ്രന്‍ ചോദിച്ചു.  സിപിഎം നേതാക്കളും ഈ ബോട്ടുടമയും തമ്മിലുള്ള ബന്ധമെന്താണ്? ആ ബോട്ടില്‍ മയക്കുമരുന്ന് വിതരണം നടക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ട് നാലു മാസമായി. എന്നിട്ട് എന്തു നടപടി സ്വീകരിച്ചു? മയക്കുമരുന്ന് ഉപയോഗം അന്വേഷിക്കാന്‍ ബോട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. മരിച്ചതില്‍ ഒരാള്‍ ആ പൊലീസുകാരനാണ്. താനൂര്‍ ദുരന്തത്തില്‍ റിയാസും അബ്ദുള്‍ റഹിമാനും ഉത്തരവാദികളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

ജലദോഷത്തെ പമ്പ കടത്തും; ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം

വീണുപോയ ബോളിവുഡിലെ 7 താരപുത്രന്മാര്‍

സിദ്ധാര്‍ഥ് കൗള്‍ കൗണ്ടിയില്‍; നോര്‍ത്താംപ്റ്റനായി ഇറങ്ങും

ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ടുമരണം; 11 പേര്‍ക്ക് പരിക്ക്; വീഡിയോ